Asianet News MalayalamAsianet News Malayalam

വയനാട്ടിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ, കരട് വിജ്ഞാപനത്തിൽ പ്രതിഷേധം ഇരമ്പുന്നു

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധങ്ങളുമായി ഇടത്, വലത് മുന്നണികള്‍ രംഗത്തെത്തിയിരുന്നു. 

harthal declared in wayanad on draft notification on ecologically sensitive zone around wayanad wild life sanctuary
Author
Wayanad, First Published Feb 5, 2021, 4:46 PM IST

മാനന്തവാടി: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ. ഞായറാഴ്ച വൈകിട്ട് ജില്ലയിലെ മുഴുവൻ ഇടങ്ങളിലും വിളംബര ജാഥ നടത്തുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ നടത്തുക. ജില്ലയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കരട് വിജ്ഞാപനത്തെ കോടതിയിൽ നേരിടുന്ന കാര്യം ആലോചിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. 

കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധങ്ങളുമായി ഇടത്, വലത് മുന്നണികള്‍ രംഗത്തെത്തിയിരുന്നു. കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയർമാൻ പി പി എ കരീം വ്യക്തമാക്കി. 

വി‍ജ്ഞാപനത്തിനെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് തീരുമാനം. വ്യാപാരികളും കര്‍ഷക സംഘടനകളും വയനാട്ടില്‍ സമരം തുടങ്ങിയിട്ടുണ്ട്. കരട് വി‍ജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേർന്ന് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

വിജ്ഞാപനത്തിനിടയാക്കിയത് സംസ്ഥാനസര്‍ക്കാർ നല്‍കിയ നിര്‍ദ്ദേശമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. വിജ്ഞാപനം പിൻവലിക്കാൻ സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടില്ലെങ്കിൽ ശക്തമായ സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന് നാലു ദിവസമാണ് നൽകിയിരിക്കുന്ന സമയമെന്നും യുഡിഎഫ് പറയുന്നു. 

Follow Us:
Download App:
  • android
  • ios