കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്ക് എതിരായി നടത്തുന്ന ഹര്‍ത്താലിനെ എതിർത്ത് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളും സംഘടനകളും രംഗത്ത്. ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും വ്യക്തമാക്കി. നിയമപരമല്ല നാളത്തെ ഹര്‍ത്താലെന്നും കടകൾ അടയ്ക്കാനും വാഹനങ്ങള്‍ തടയാനും സമ്മതിക്കില്ലെന്നും ‍ഡിജിപി വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് എസ്‍ഡിപിഐയും, വെല്‍ഫയര്‍ പാര്‍ട്ടിയും അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും ആസൂത്രണം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട്. ബിജെപിക്ക് വടി കൊടുക്കാനില്ലെന്നും ആവശ്യമുള്ള സമയത്ത് യോജിച്ച് ഹര്‍ത്താല്‍ നടത്താമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഹര്‍ത്താലിനോട് വിയോജിപ്പറിയിച്ചു.

സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ നേരത്തെ തന്നെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗത്തിന് ഇപ്പോള്‍ യോജിച്ചുള്ള ഹര്‍ത്താലിനെ മാത്രമേ അനുകൂലിക്കൂ എന്ന സമീപനമാണ് ഉള്ളത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

സിപിഎമ്മും ഹര്‍ത്താലിനെതിരാണ്. ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ഐ എന്‍ എല്‍. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമപരമായും കരുതലോടെയും നീങ്ങണമെന്ന അഭിപ്രായത്തിനാണ് മുസ്ലീം സംഘടനകള്‍ക്കിടയില്‍ മുന്‍തൂക്കം. സമരത്തില്‍ പ്രക്ഷുബ്ധാവസ്ഥ നിലനിര്‍ത്തിയാല്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ ഇത് മുതലെടുക്കുമെന്ന ആശങ്കയും ഭൂരിപക്ഷം മുസ്ലീം സംഘടനകള്‍ക്കുമുണ്ട്.

ഹര്‍ത്താല്‍ നിയമപരമല്ലെന്നും ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കി. എന്നാല്‍ നോട്ടീസ് നല്‍കി ഹര്‍ത്താല്‍ നടത്തുക പ്രായോഗികമല്ലെന്നാണ് ഹര്‍ത്താലനുകൂലികളുടെ നിലപാട്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള എസ്‍ഡിപിഐ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്നില്‍. സംയമനത്തോടെ നീങ്ങാനാണ് മുഖ്യധാരാ സാമുദായിക, രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനമെങ്കിലും ചില സംഘടനകള്‍ അവസരം മുതലെടുക്കുമെന്ന് അവര്‍ക്കാശങ്കയുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ കരുതൽ അവർ കാണിക്കുന്നതും.