വ്യാജ രേഖ ചമച്ച കെ വിദ്യയേയും തട്ടിപ്പിലൂടെ ജയിച്ച ആർഷോയെയും പിടിക്കാൻ ഗോവിന്ദനും പൊലീസിനനും കഴിയുന്നില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു
ദില്ലി: കഥയും കഴമ്പുമില്ലാത്ത വില ഇടിഞ്ഞ രാഷ്ട്രീയക്കാരനായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാറിയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി. കെ സുധാകരനെതിരെ അതുമിതും പറഞ്ഞ് ഗോവിന്ദൻ സ്വയം അപഹാസ്യനാകുകയാണ്. ഡിജിപിയുടെ ജോലി ഗോവിന്ദൻ മാഷിനെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം.
വ്യാജ രേഖ ചമച്ച കെ വിദ്യയേയും തട്ടിപ്പിലൂടെ ജയിച്ച ആർഷോയെയും പിടിക്കാൻ ഗോവിന്ദനും പൊലീസിനനും കഴിയുന്നില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ ആരോപണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തള്ളിയിരുന്നു.
മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല.
സാക്ഷികളാരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചത്. താൻ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ ആരോപിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

