കൊച്ചി: കരുണ സംഗീതനിശയെക്കുറിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഫൗണ്ടേഷന്‍ രാവിലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. സംഘാടകരിൽ ചിലർ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വാർത്താ സമ്മേളനം റദ്ദാക്കിയത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കടവന്ത്രയിലെ റീജ്യണൽ സ്പോർട്സ് സെന്‍ററിന്‍റെ സ്റ്റേഡിയം അധികൃതര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്ത് പുറത്തായി. ഇപ്പോഴത്തെ വിവാദം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് അയച്ച കത്തിന് ഒരു മറുപടി പോലും  ഫൗണ്ടേഷന്‍ നൽകിയില്ലെന്ന് നേരത്തേ വ്യക്തമായിരുന്നതാണ്. 

Read more at: 'കരുണ' സംഘാടകർക്കെതിരെ സ്റ്റേഡിയം വാടകയ്ക്ക് നൽകിയ റീജ്യണൽ സ്പോർട്‍സ് സെന്‍റർ

ഒന്നരലക്ഷം രൂപ വാടക ഈടാക്കി സ്റ്റേഡിയം വിട്ടു കൊടുക്കാനാണ് കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നടത്തിപ്പുകാരായ റീജ്യണല്‍ സ്പോര്‍ട്സ് സെന്‍റര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനാണ് സംഗീതമേള നടത്തുന്നതെന്നും ഇതിനായി സ്റ്റേഡിയം അനുവദിക്കണമെന്നും മ്യൂസിക് ഫൗണ്ടേഷന്‍ കത്തുകൾ നല്‍കി. നാലാമത് നൽകിയ കത്തില്‍ സ്പോർട്സ് സെന്‍ററിന്‍റെ സഹകരണത്തോടെ മേള നടത്താമെന്ന് അറിയിച്ചു. ഇതോടെയാണ് സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകിയത്.

എന്നാല്‍ മേള കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് വ്യക്തമായതോടെയാണ് ജനുവരി മൂന്നിന് അടിയന്തിരമായി ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാല്‍ ഒരു മറുപടി പോലും ഫൗണ്ടേഷൻ നൽകിയില്ല. 

വിവാദങ്ങള്‍ക്ക് മറുപടി നൽകാൻ രാവിലെ വാര്‍ത്തസമ്മേളനം വിളിക്കാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാല്‍ മുന്‍കൈ എടുത്താണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട ഏറെ ആരോപണങ്ങൾ നേരിടുന്ന  ഫൗണ്ടഷനിലെ ചില പ്രമുഖ അംഗങ്ങള്‍ ഇതിന് തയ്യാറായില്ല. ഇതോടെ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ നിലപാട് ഫേസ് ബുക്ക് വഴി വിശദീകരിക്കുമെന്ന് ബിജിബാൽ അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ വീഡിയോ സന്ദേശം വഴിയാണ് മറുപടി നൽകുക.