Asianet News MalayalamAsianet News Malayalam

യുഎന്‍എ കേസ്: അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും, ജാസ്മിന്‍ ഷാ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്

ഇത്ര കാലമായിട്ടും ജാസ്‍മിന്‍ ഷായുടെ മൊഴിയെടുക്കാത്തതെന്ത് കൊണ്ടെന്ന് കോടതി. ജാസ്‍മിന്‍ ഷാ ഒളിവില്ലെന്ന് ക്രൈംബ്രാ‍ഞ്ച് 

HC instructed to Form special Team to inspect UNA Fraud case
Author
Kochi, First Published Aug 20, 2019, 11:37 AM IST

കൊച്ചി: യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റ് ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പിഡി ജിത്തു എന്നിവര്‍  നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. 

തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്‍എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്‍റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്. 

ഈ ഘട്ടത്തില്‍ കേസ് ഇനിയും അനന്തമായി നീളുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് യുഎന്‍എ തട്ടിപ്പുക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി. 

കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ എന്തു കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്നാല്‍ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ മറുപടി. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 

കേസിലെ കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് യുഎന്‍എ മുന്‍ വൈസ് പ്രസിഡന്‍റും കേസിലെ പരാതിക്കാരനുമായ സിബി മുകേഷ് പറഞ്ഞു. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് മൊഴി നല്‍കാന്‍ പോലും ജാസ്മിന്‍ ഷായും സംഘവും തയ്യാറായിട്ടില്ല. ഇവരൊക്കെ ഒളിവിലാണെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ഇതൊന്നും കൂടാതെ ഫണ്ട് തിരിമറി നടത്തി എന്നാരോപിക്കുന്ന അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഇക്കാര്യം തങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സിബി മുകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios