കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കൾ ആണ് ഹർജി നൽകിയിരിക്കുന്നത്.

സിപിഎം നേതാക്കൾ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹർജിയിലെ ആവശ്യം.എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. 

ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നേരത്തെ സത്യവാങ്മൂലവും നൽകിയിരുന്നു.കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തെ കോടതി വിമർശിച്ചിരുന്നു. രാഷ്ടീയ പ്രേരിതമെന്ന അന്വേഷണസംഘത്തിന്‍റെ ആദ്യ നിഗമനം എങ്ങനെയാണ് വ്യക്തിവിരോധമായി മാറിയതെന്നായിരുന്നു കോടതിയുടെ വിമർശനം.