ഐരാപുരത്ത് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാളെ 2.3 കിലോഗ്രാം കഞ്ചാവുമായി 'ജാദൂക്കർ ഭായി' അറസ്റ്റിലായത്.
കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന 'ജാദൂക്കർ ഭായി' പിടിയിലായി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ടീം, എറണാകുളം ഐ.ബി, മധ്യമേഖലാ കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഏറെ നാളായി എക്സൈസിനെയും പോലീസിനെയും വെട്ടിച്ചു നടന്ന പ്രതി പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ജാദൂകര്‍ ഭായി അഥവാ മാന്ത്രികൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജമേഷ് റെയിക്ക ഒഡീഷ സ്വദേശിയാണ്.
ഇയാൾ ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിൽ കഞ്ചാവ് എത്തിച്ചു നിർബാധം വിൽപ്പന നടത്തിവരികയായിരുന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ഐരാപുരത്ത് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാളെ 2.3 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിയിലായ സമയത്ത് 4500 രൂപ കഞ്ചാവ് വിറ്റ വകയിൽ ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർഥ് , അനൂപ്, കുന്നത്തുനാട് സർക്കിളിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ടി സാജു, പ്രിവന്റീവ് ഓഫീസർ രഞ്ജു എൽദോ തോമസ്, സിവിൽ എക്സൈസ് ഓഫീസർന്മാരായ അനുരാജ് പി.ആർ, എം.ആർ രാജേഷ്, എക്സൈസ് ഡ്രൈവർ എ.ബി സുരേഷ്, പെരുമ്പാവൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ വി.എൽ ജിമ്മി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടിന്റു പി.ബി എന്നിവർ പങ്കെടുത്തു.
