കളമശ്ശേരിയിൽ ഐസൊലേഷൻ വാർഡിൽ ഉള്ള മുഴുവൻ പേരുടെയും പരിശോധന ഫലം വന്നു. ആ‍ർക്കും നിപ ബാധയില്ല

കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ അയച്ചതിന്റെ ഫലം ലഭിച്ചു. മൂന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. 

കളമശ്ശേരിയിൽ ഐസൊലേഷൻ വാർഡിൽ ഉള്ള മുഴുവൻ പേരുടെയും പരിശോധന ഫലം വന്നു. ആ‍ർക്കും നിപ ബാധയില്ല. പറവൂരിൽ പനിയെ തുടർന്ന് ചികിതയിലുള്ള ഒരാളെ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

നിപ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച നാല് രോഗികളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഏഴുപേരാണ് ഇപ്പോള്‍ ഇവിടെ ചികില്‍സയില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുടെ നിരീക്ഷണം ആശുപത്രിയില്‍ തുടരുന്നു. 

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരു രോഗിയെ ഇന്ന് പരിശോധനകള്‍ക്കും ചികില്‍സയ്ക്കുമായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജഗിരി ആശുപത്രി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നീ ആശുപത്രികളില്‍ നിന്നും നിപ ലക്ഷണങ്ങള്‍ സംശയിച്ച മൂന്നു പേരുടെ സാമ്പിളുകള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ പരിശോധിച്ചു. ഫലം നെഗറ്റീവാണ്. 

327 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഇതില്‍ മുഴുവന്‍ പേരെയും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. അതീവ ഗുരുതര വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 275 പേര്‍ ഗുരുതര വിഭാഗത്തിലുള്ളവരാണ്. 

അതേ സമയം, മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്ന് വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ മൃഗാശുപത്രികളിലും ബോധവ്തകരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. 

പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.