ഓപ്പറേഷന്‍ മത്സ്യയിലൂടെ 2964 പരിശോധനകള്‍ നടത്തി.5549 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു 

തിരുവനന്തപുരം:'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി എപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 2964 പരിശോധനകളാണ് നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും തത്സമയം പരിശോധനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടാബുകള്‍ അനുവദിച്ചു വരുന്നു. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 992 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍, 3236 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനക്ക് വിധേയമാക്കി. 603 കോമ്പൗണ്ടിംഗ് നോട്ടീസ്, 794 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സും രജിസ്‌ട്രേഷനും എല്ലാവരും കൃത്യമായി പുതുക്കേണ്ടതാണ്.അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ഇതുവരെ 2893 സാമ്പിളുകളാണ് ശേഖരിച്ചത്. 5549 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. ഈ ആപ്പ് നിലവില്‍ വന്ന ശേഷം 489 പരാതികളാണ് ലഭിച്ചത്. 333 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിച്ചു വരുന്നു.