രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കിൽ , സ്ത്രീകളാണെങ്കില്‍. അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാൻ നിര്‍ദേശിക്കണം.

പത്തനംതിട്ട: അടിയന്തര സഹാചര്യത്തിലല്ലെങ്കില്‍ കൊവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലൊരാൾ ആംബുലൻസിൽ ഒപ്പം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആംബുലൻസ് ഡ്രൈവർ കൊവിഡ് രോഗിയെ പീഡിനത്തിനിരയാക്കിയ സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം. അടിയന്തര ഘടത്തിലുള്ള ആളുകളെ മാത്രം രാത്രിയിൽ മാറ്റും.

രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കിൽ, സ്ത്രീകളാണെങ്കില്‍. അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാൻ നിര്‍ദേശിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അയക്കുന്ന ആംബുലൻസില്‍ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം.

ജിപിഎസ് സംവിധാനമുള്ള ഈ ആംബുലന്‍സുകൾ ചികില്‍സ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് ഉറപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്. 

അതേസമയം അത്യാവശ്യഘട്ടത്തില്‍ അല്ലെങ്കില്‍ രോഗികളെ മാറ്റാൻ പൈലറ്റ് മാത്രം മതിയെന്ന് നേരത്തെ ആരോഗ്യവകുപ്പ് വാക്കാൽ നിര്‍ദേശം നൽകിയിരുന്നു . രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ രണ്ടാളുകള്‍ ഒരുമിച്ച് ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഒരു ആംബുലൻസില്‍ രണ്ട് ജീവനക്കാരെ വീതം നല്‍കിയിട്ടുണ്ടെന്നാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഇഎംആര്‍ഐ കമ്പനിയുടെ വിശദീകരണം .