സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തോട് അന്വേഷിക്കാനാണ് മന്ത്രി നിർദ്ദേശം നല്‍കിയത്. ജില്ലാ ആശുപത്രിയിലെ രേഖകൾ വിശദമായി പരിശോധിച്ച് വേഗത്തിൽ അന്വേഷണം നടത്താനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടര്‍ന്നാണ് നടപടി.

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് റഫര്‍ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തോട് അന്വേഷിക്കാനാണ് മന്ത്രി നിർദ്ദേശം നല്‍കിയത്. ജില്ലാ ആശുപത്രിയിലെ രേഖകൾ വിശദമായി പരിശോധിച്ച് വേഗത്തിൽ അന്വേഷണം നടത്താനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടര്‍ന്നാണ് നടപടി.

പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. കഴിഞ്ഞ വർഷം 16 പേര്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഈ പരിശോധനയ്ക്ക് പറഞ്ഞുവിട്ടവരുടെ എണ്ണം 359 ആണ്. ഇതിൽ 30 പേർ രക്തം അവിടെ നിന്ന് പണം കൊടുത്തു വാങ്ങുകയും ചെയ്തു. ഈ വർഷം ജൂൺ വരെയുള്ള കണക്ക് നോക്കിയാല്‍, കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ വെറും 18 പേർ മാത്രമാണ് രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, 123 പേരെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സൗജന്യമായി നടക്കേണ്ട ക്രോസ് മാച്ചിങ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയിൽ നൽകേണ്ടത് 900 രൂപയാണ്. രക്തം വാങ്ങിയാൽ 3000 രൂപയും നൽകണം. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി.

Also Read: സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തം ക്രോസ്‌മാച്ച് ചെയ്യുന്നതിന്റെ പേരിൽ തട്ടിപ്പ്