സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം 7 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 1 മരണം കൂടി റിപ്പോർട്ട് ചെയ്തു.
കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം, നിപ രോഗബാധിതൻ്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപട്ടികയിൽ നിന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.
7 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 1 മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം 2 വീതം, തൃശൂർ, മലപ്പുറം, വയനാട് 1 വീതം എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 140 രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്കയാണ് മരണമടഞ്ഞത്. ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (42), വയനാട് (19), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

