തൊടുപുഴയിൽ ആരോഗ്യവകുപ്പ് നടത്തിയ പനി സർവ്വേയിൽ അസ്വഭാവികമായ വിധത്തിൽ പനി ബാധിച്ചവരെ കണ്ടെത്താനായില്ല

ഇടുക്കി: ഇടുക്കിയിൽ നിപ ഭീതി ഒഴിവാക്കാൻ ബോധവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ്. തൊടുപുഴയിൽ ആരോഗ്യവകുപ്പ് നടത്തിയ പനി സർവ്വേയിൽ അസ്വഭാവികമായ വിധത്തിൽ പനി ബാധിച്ചവരെ കണ്ടെത്താനായില്ല. മൃഗങ്ങൾക്ക് പ്രത്യേക രോഗങ്ങൾ കണ്ടെത്താത്തതിനാൽ തത്കാലം സാമ്പിളുകൾ ശേഖരിക്കേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയിൽ തുടർച്ചയായ മൂന്ന് ദിവസം നടത്തിയ പരിശോധനയിലും ആരോഗ്യവകുപ്പിന് അസ്വഭാവികമായ സാഹചര്യം കണ്ടെത്താനായില്ല. നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയും സുഹൃത്തുക്കളും താമസിച്ചിരുന്ന പ്രദേശത്ത് ആരോഗ്യവകുപ്പ് പനി സർവ്വേയും നടത്തി. 

നിപയുടെ രോഗ ലക്ഷണങ്ങളോടെയോ കടുത്തയോടെയോ ആരെയും കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്‍റെ പരിശോധനയും തുടരുകയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതല്ലാതെ പ്രദേശത്ത് പന്നിഫാമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നിപയുടെ ഉറവിട പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച കേന്ദ്രസംഘം ഇതുവരെ ഇടുക്കിയിൽ എത്തിയിട്ടില്ല. മുന്നൊരുക്കമെന്ന നിലയിൽ താലൂക്ക് ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം പനി ബാധിച്ച് ജില്ലയിൽ ആരും ഇതുവരെ നിരീക്ഷണത്തിലില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചെന്നും ഡിഎംഒ അറിയിച്ചു.