Asianet News MalayalamAsianet News Malayalam

ആര്‍ജ്ജവുമുള്ള നടപടിയുമായി ആരോഗ്യ വകുപ്പ് ജോലിക്കെത്താതെ മുങ്ങിയ ജീവനക്കാര്‍ പുറത്ത്

നിരവധി തവണ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടും താല്‍പര്യം പ്രകടിപ്പിക്കാത്തവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 

health department terminate officials were absent from service
Author
Thiruvananthapuram, First Published Oct 17, 2020, 2:08 PM IST

തിരുവനന്തപുരം: നീണ്ട അവധിയില്‍ പ്രവേശിച്ച് ജോലിക്കെത്താതെ ആരോഗ്യവകുപ്പിലെ ജീവനക്കാരെ പുറത്താക്കി ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി. സര്‍വീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഒഴിവാക്കുകയാണെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു.385 ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
നിരവധി തവണ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അവസരം നല്‍കിയിട്ടും താല്‍പര്യം പ്രകടിപ്പിക്കാത്തവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന  36 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു.

പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 1 നഴ്സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. 
ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.

ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 1 നഴ്സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്.

സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിയതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.
ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios