കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയിൽ നടപടിയുടെ സർ‍ക്കാർ. കുതിരവട്ടത്തെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. സൂപ്രണ്ടിൻ്റെ സസ്പെൻഷന് കാരണമായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ എത്തിയത്.ആരോഗ്യ മന്ത്രിയുമായി KGMOA നടത്തിയ ചർച്ചയിൽ ആണ് സംഭവം വീണ്ടും അന്വേഷിക്കാൻ തീരുമാനം ആയത്. റിമാൻഡ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി എന്നാണ് KGMOA യുടെ പരാതി. രണ്ടു ദിവസത്തിനകം ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ആശുപത്രിയിലെ സുരക്ഷാ പാളിച്ച അന്വേഷിക്കുന്ന പോലീസ് സംഘം അടുത്ത ദിവസം ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും. 

കുതിരവട്ടത്തെ നടപടി : ഒപി ബഹിഷ്‍കരണ സമരം നിർത്തിവച്ചതായി കെജിഎംഒഎ

കുതിരവട്ടത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന പരാതികൾക്കിടെയാണ് ആഗോര്യവകുപ്പ് ഡയറക്ടർ നേരിട്ടെത്തി പരിശോധന നടത്തിയത്. സുരക്ഷാവീഴ്ച അടിക്കടി സംഭവിക്കുന്നെന്ന ഡിഎച്ച്എസിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത്. ഇതിനെതിരെ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാർ സമരം തുടരുന്ന സാഹചര്യത്തിലാണ് ഡിഎച്ച് എസിന്‍റെ സന്ദർശനം. 

റിമാൻഡ് പ്രതിയായ അന്തേവാസി പുറത്തുകടക്കാൻ ശ്രമിച്ച് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ജില്ല ജഡ്ജി കുതിരവട്ടത്തെ സുരക്ഷാ പാളിച്ചകൾ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മൂന്ന് അസി. കമ്മീഷണർമാരുടെ സംഘത്തെ തെളിവെടുപ്പിനായി കോടതി നിയോഗിച്ചത്. ആശുപത്രിയിലെ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ, സുരക്ഷാ ജീവനക്കാരുടെ കുറവ്, അടിയന്തിരമായി തിരുത്തേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചുളള സമഗ്ര റിപ്പോർട്ട് മൂന്നു ദിവസങ്ങൾക്കകം കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് സംഘം 

പൊലീസ് പരിശോധന കഴിഞ്ഞിറങ്ങി മണിക്കൂറുകൾക്കകം ഒരന്തേവാസി ആത്മഹത്യാ ശ്രമം നടത്തി. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഇതിനിടെ ജില്ല മെഡിക്കൽ ഓഫീസറും കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. താത്ക്കാലിക ജീവനക്കാരുടെ നിയമനം പൂർത്തിയായെന്നും സുരക്ഷാ ജീവനക്കാരുടെ നിയമനകാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഡിഎംഓ പറയുന്നു.