Asianet News MalayalamAsianet News Malayalam

ആൻ്റിജൻ പരിശോധന കുറച്ച് ആർടിപിസിആർ ടെസ്റ്റുകൾ കൂട്ടും; കൊവിഡ് വ്യാപനം തടയാൻ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

കൊവിഡ് പരിശോധനകളുടെ നാൽപ്പത് ശതമാനവും ആർടിപിസിആർ ടെസ്റ്റുകളാക്കാൻ ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.

Health department to increase RTPCR tests
Author
Thiruvananthapuram, First Published Jan 27, 2021, 10:00 PM IST

തിരുവന്തപുരം: കൊവിഡ് വ്യാപനത്തിൽ കേരളം രാജ്യത്ത് ഒന്നാമതായി തുടരുകയും പ്രതിദിന കേസുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ആൻ്റിജൻ, ട്രൂനാറ്റ് ടെസ്റ്റുകൾ കുറച്ച് ഏറ്റവും കൃത്യതയുള്ള ആർടിപിസിആർ പരിശോധനകൾ വ്യാപകമാക്കാനും ആരോഗ്യപ്രിൻസിപ്പൾ സെക്രട്ടറി നിർദേശിച്ചു.

 പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ആർ‌ടി‌പി‌സി‌ആർ പരിശോധനയുടെ ആരോഗ്യ അനുപാതം 40% ആക്കി ഉയർത്തണം. കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോൺ‌ടാക്റ്റുകളേയും ആർടിപിസിആർ ഉപയോഗിച്ച് മാത്രമായിരിക്കണം ഇനി പരിശോധിക്കേണ്ടത്. ജലദോഷം, പനി , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ശക്തമായ കൊവിഡ് ലക്ഷണങ്ങളുള്ള രോഗികൾക്കും ഇനി മുതൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഇത്തരം കൊവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവർക്കും ഇനി മുതൽ ആൻ്റിജൻ, ട്രൂനാറ്റ് ടെസ്റ്റുകൾക്ക് പകരം ആർടിപിസിആർ ടെസ്റ്റുകളായിരിക്കും നടത്തുക. 

രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്കായി മാത്രം ആന്റിജൻ കിറ്റുകൾ ഉപയോഗിക്കണമെന്നും  കൂടാതെ ആന്റിജൻ പരിശോധന നെഗറ്റീവ് ആണെങ്കിലും ആർ‌ടി‌പി‌സി‌ആർ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ലക്ഷണമില്ലാത്ത ആളുകളെ പരിശോധിക്കുന്നതിന് ആന്റിജൻ കിറ്റുകൾ ഉപയോഗിക്കരുതെന്നും പുതിയ മാർഗ്ഗനിർദേത്തിൽ പറയുന്നു.

ലക്ഷണം ഇല്ലാത്ത വ്യക്തികളെ (യാത്രക്കാർ ഉൾപ്പെടെ) പരിശോധിക്കേണ്ടതുണ്ടെങ്കിൽ അതിനും ആർ‌ടി‌പി‌സി‌ആർ ടെസ്റ്റിനെ തന്നെ ആശ്രയിക്കണം. നിലവിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്ക് പത്ത് ദിവസം കഴിഞ്ഞ് ആൻ്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നുണ്ട്. ഈ രീതി തന്നെ ഇനിയും തുടരാനാണ് മാർഗനിർദേശത്തിൽ പറയുന്നത്. 

Follow Us:
Download App:
  • android
  • ios