Asianet News MalayalamAsianet News Malayalam

കൊവിഡ്; സൂപ്പർ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

health departments action plan to prevent covid super spread
Author
Thiruvananthapuram, First Published Jul 8, 2020, 9:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷൻ പ്ലാനുമായി ആരോ​ഗ്യവകുപ്പ്. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാ ദിവസവും യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ രോഗ വ്യാപനം കൂടുതലാണ്. കന്യാകുമാരി ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമായി കേരളത്തില്‍ പതിവായെത്താറുണ്ട്. രോഗവ്യാപന സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാല്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി. തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്യും.

രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഓരോ കുടുംബവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവരെല്ലാവരും റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കേണ്ടതാണ്. ഒരു കാരണവശാലും ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ലോക്ഡൗണ്‍ മാറിയതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. വിട്ടുവീഴ്ചയുണ്ടായാല്‍ അതിഗുരുതരമായ അവസ്ഥയുണ്ടാകും. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 

Follow Us:
Download App:
  • android
  • ios