കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി.
തിരുവനന്തപുരം: കൊഴുപ്പ്മാറ്റൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പിന്‍റെ ഉന്നത സമിതി. ജില്ലാ സമിതിയിൽ ചികിത്സപിഴവ് കണ്ടെത്തിയിരുന്നില്ല. ഈ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളിയിരുന്നു. ഡിഎംഒ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതിക്ക് പരിശോധന വിട്ടത്. ഡിഎച്ച്എസ്, ഡിഎംഇ, നഴ്സിംഗ് സൂപ്രണ്ട്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുന്നത്. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതിയുടെ 9 വിരലുകൾ നഷ്ടമായിരുന്നു.
കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് തിരുവനന്തപുരം കാലടി സ്വദേശിനിയായ യുവതിയുടെ 9 വിരലുകളാണ് മുറിച്ചു മാറ്റിയത്. കുടുംബത്തിന്‍റെ പരാതിയിൽ കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഷെനോജ് ശശാങ്കനെതിരെ തുമ്പ പൊലീസ് കേസെടുത്തിരുന്നു.
ഇരട്ടക്കുട്ടികളുടെ അമ്മയായ നീതു അടിവയറ്റിലുണ്ടായ കൊഴുപ്പ് നീക്കാനാണ് സ്വകാര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മൂന്നു ലക്ഷം രൂപ ചെലവിട്ട് ഫെബ്രുവരി 22 നാണ് നീതു ശസ്ത്രക്രിയയ്ക്ക് നടത്തിയത്. എന്നാൽ ശസ്ത്രിക്രിയയ്ക്ക് പിന്നാലെ നീതുവിന്‍റെ ആരോഗ്യ നില വഷളായി. ഡോക്ടര്‍ തന്നെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേയ്ക്ക് നീതുവിനെ മാറ്റി. അണുബാധയെത്തുടർന്ന് 21 ദിവസം വെന്‍റിലേറ്റര് സഹായത്തിൽ ചികിത്സയിലായിരുന്നു. നീതുവിന്‍റെ കൈകാലുകളിലെ വിരലുകളിലേയ്ക്കുള്ള രക്തയോട്ടം നിലച്ചുപോയിരുന്നു. തുടര്‍ന്നാണ് ഇടതുകയ്യിലെ അഞ്ചും ഇടതുകാലിലെ നാലും വിരലുകള്‍ നീക്കിയത്.



