മലപ്പുറം: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മഹനീയ മാതൃകകളാണ് എങ്ങും ദൃശ്യമാകുന്നത്. മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളിയും ആ മാതൃകകളുടെ വലിയ തുടര്‍ച്ചയാണ്. ജാതിഭേദമില്ലാത്തെ മനുഷ്യത്വത്തിന്‍റെ മഹനീയ മാതൃകയ്ക്ക് നേരിട്ട് അഭിനന്ദനമറിയിക്കാനും സ്നേഹം പങ്കുവയ്ക്കാനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തി. മനുഷ്യത്വമായിരുന്നു അവർക്ക്‌ മതമെന്നാണ് ശൈലജ ഒറ്റവാക്കില്‍ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനത്തെ ഫേസ്ബുക്കിലൂടെ വിശേഷിപ്പിക്കുന്നത്.

ശൈലജയുടെ കുറിപ്പ്

മനുഷ്യത്വമായിരുന്നു അവർക്ക്‌ മതം - അവിടെ വ്യക്തമാക്കപ്പെട്ടത്‌ അതായിരുന്നു. മഹാമാരി കവർന്നെടുത്ത ആ മൃതദേഹങ്ങൾ അവിടെയാണ്‌ പോസ്റ്റ്‌ മോർട്ടം ചെയ്തത്‌. അവിടെ വലുതായി ഉയർന്നുനിന്നത്‌ ഏത്‌ വിശ്വാസത്തെ നെഞ്ചേറ്റിയാലും ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്‌ എന്ന വസ്തുതതന്നെയാണ്‌.

പറഞ്ഞുവന്നത്‌, മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളിയെക്കുറിച്ചുതന്നെ. പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുകൊടുത്ത്‌ മാതൃകയായിരിക്കുന്നത്‌.

മതനിരപേക്ഷ-സാക്ഷര കേരളത്തിന്‍റെ മഹത്തായ സന്ദേശം പകർന്നുനൽകിയതാണ്‌ ഇത്‌. മൃതദേഹത്തിന്‌ മുന്നിൽ മനുഷ്യൻ കാട്ടേണ്ട മര്യാദയുടെ വെളിച്ചം കൂടിയായി ഈ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മാറി.