Asianet News MalayalamAsianet News Malayalam

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് സംഭവമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

health minister kk shailaja orders inquiry on child died denied treatment in aluva
Author
Thiruvananthapuram, First Published Aug 2, 2020, 11:19 AM IST

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് സംഭവമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തി. സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് സംഭവത്തെ കുറിച്ച്  വിവരങ്ങൾ തേടിയെന്ന് ദേശീയ ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കേ അറിയിച്ചു. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന കമ്മീഷനോട് അഭ്യർത്ഥിച്ചു. വിവരങ്ങൾ ലഭിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. 

കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞ് മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയിൽ എത്തിച്ചപ്പോഴേകും മരിച്ചു. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ്‌ ആക്കാൻ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. 

പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. കുട്ടിയുടെ എക്സറേ എടുത്തിരുന്നുവെന്നും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു. കുഞ്ഞിന്‍റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്‍റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്ട്രോ സർജറി  സൗകര്യം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios