തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. പ്രതിരോധ വാക്സിനുവേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും എസിഎംആറുമായി ചേർന്നാണ് പ്രവർത്തനങ്ങളെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണ്. മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതിനിടെ സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിൽ പടരുന്നത് ജനിതക മാറ്റം വന്ന നോവൽ കൊറോണ വൈറസാണോ എന്ന് സംശയം ആരോഗ്യരംഗത്തെ വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ റെഡ് സോൺ കേന്ദ്രങ്ങളിൽ നിന്നെത്തിയ രോഗികളിൽ നിന്നും സമ്പർക്കം വഴിയുള്ള രോഗ്യവ്യാപനമാണ് ആശങ്ക കൂട്ടുന്നത്. ഇതുവരെയുള്ള രണ്ട് ഘട്ടങ്ങളിലും കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ കേരളം ഈ മൂന്നാം ഘട്ടത്തിൽ നേരിടുന്നത് കടുത്ത പരീക്ഷണമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും  എത്തിയവരിലും അവരുമായി സമ്പർക്കം പുലത്തിയവരിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

സമ്പർക്കം വഴി തീവ്രതോതിലുള്ള രോഗബാധയാണ് വൈറസിൻറെ ജനിതക മാറ്റ സാധ്യതയിലേക്ക് വിദഗ്ധ‍ർ വിരൽ ചൂണ്ടുന്നത്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം പകർന്നവരുടെ പട്ടിക ആരോഗ്യവിദഗ്ധരെ അമ്പരിപ്പിക്കുന്നു. ഇയാളിൽ നിന്നും ഇതുവരെ രോഗമുണ്ടായത് 15 പേർക്കാണ്. മഹാരാഷ്ട്രയിൽ നിന്നും കാസർകോടെത്തിയ ആളിൽ നിന്ന് രോഗം ബാധിച്ചത് നാലുപേർക്കാണ്. രണ്ടിടത്തും രോഗിയുമായി അല്പസമയം ഇടപെട്ടവർ പോലും രോഗികളായി. വ്യക്തികളുടെ രോഗപ്രതിരോധശേഷി വ്യത്യസ്തമാണെന്ന വാദമുണ്ടെങ്കിലും രാജ്യത്തെ റെഡ് സോണിൽ നിന്നും വരുന്ന രോഗികളിലെ വൈറസ് തീവ്രസ്വഭാവമുള്ളതാണെന്ന സൂചനകളാണ് വയനാട്ടിലെയും കാസർകോട്ടെയും പുതിയ ക്ലസ്റ്ററുകൾ കാണിക്കുന്നത്.