കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശം.

കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‍വൺ എൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേസമയം രോഗി മരിച്ചതിനെത്തുട‍ർന്ന് ആശുപത്രി പിആ‍ർഒയെ ജേക്കബിന്‍റെ ബന്ധുക്കൾ മ‍ർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജേക്കബ് തോമസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂ‍ർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.