നിലവിൽ ഐസിയുവിൽ ഉള്ള കുഞ്ഞിന്റെ ആരോഗ്യനില രണ്ട് ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ തീരുമാനിക്കുക
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രണ്ട് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരം. മന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്ബുക്കിൽ ബന്ധുക്കൾ രോഗവിവരം അറിയിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് വിദഗ്ധ ചികിത്സ ഏർപ്പെടുത്തിയത്.
മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്‍റെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽ മണ്ണയിൽ നിന്നും പുലർച്ചെ കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനും തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് സഹായം അഭ്യർത്ഥിച്ച് കുഞ്ഞിൻറെ അമ്മാവൻ ആരോഗ്യ മന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റിട്ടു. മന്ത്രി നേരിട്ട് ഇടപെട്ടാണ് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
കൊച്ചിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴൽ ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും കണ്ടെത്തി. ഇതുമൂലം രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറവാണെന്നും മനസ്സിലായി. ഇതിനുള്ള ചികിത്സകൾ ഉടൻ തന്നെ ആരംഭിച്ചു. നിലവിൽ ഐസിയുവിൽ ഉള്ള കുഞ്ഞിന്റെ ആരോഗ്യനില രണ്ട് ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ തീരുമാനിക്കുക. ഹൃദയത്തിലെ ദ്വാരം അടക്കുന്നതിനുള്ള ചികിത്സകൾ ആറു മാസത്തിന് ശേഷം നടത്താനാണ് ഡോക്ടർമാർ ഇപ്പോൾ ആലോചിക്കുന്നത്. പ്രശ്നത്തിൽ മന്ത്രി ഇടപെട്ട് വിദഗ്ദ്ധ ചികിത്സ കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് കുഞ്ഞിന്‍റെ ബന്ധുക്കൾ.

