Asianet News MalayalamAsianet News Malayalam

ആരോഗ്യപ്രവര്‍ത്തകരുടെ ഡാറ്റ തയ്യാറാക്കുന്നു, വിവരശേഖരണം കൊവിഡ് വാക്സിൻ നല്‍കുന്നതിന്

ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം വാക്സിൻ വിതരണത്തിന് തയാറെടുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക

health workers data collection for covid vaccines
Author
Thiruvananthapuram, First Published Nov 14, 2020, 6:54 AM IST

തിരുവനന്തപുരം: കൊവിഡ് വാക്സിൻ നല്‍കുന്നതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ മുഴുവൻ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിൻ ആദ്യം നല്‍കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണിത്. വാക്സിൻ ശേഖരിക്കാനും വിതരണത്തിനും ഉള്ള സൗകര്യങ്ങളുമൊരുങ്ങി.

ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം വാക്സിൻ വിതരണത്തിന് തയാറെടുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാൻ സംസ്ഥാന നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം.

അതിൽ ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം. ഓരോ ആരോഗ്യ പ്രവര്‍ത്തകന്‍റേയും പേര്, വയസ്, ജനന തിയതി, തിരിച്ചറിയൽ കാര്‍ഡ്, മൊബൈല്‍ നന്പര്‍ അടക്കം വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. വാക്സിൻ നല്‍കിക്കഴിഞ്ഞാൽ ആ ആരോഗ്യ പ്രവര്‍ത്തകൻറെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. അടുത്ത ഘട്ടത്തില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരെ പരിഗണിക്കും.

വാക്സിനെത്തിയാൽ അത് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ‍സ്റ്റോറേജ് സംവിധാനങ്ങളും ഇവിടെ ഒരുക്കി. സംസ്ഥാനതലത്തില്‍ സംഭരിക്കുന്ന വാക്സിൻ ജില്ലകളിലേക്കെത്തിക്കുന്നതിനുളള തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാനത്തെ സഹായിക്കാൻ യുണൈറ്റഡ് നാഷൻസ് ഡെവലപ്മെന്‍റ് പ്രാഗ്രാം അംഗങ്ങളും തയാറാണ്. അതേസമയം എത്ര വയൽ വാക്സിൻ ലഭ്യമാക്കും , എത്ര ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത് എന്നീ വിശദാംശങ്ങൾ ഈ ഘട്ടത്തില്‍ ലഭ്യമല്ല

Follow Us:
Download App:
  • android
  • ios