കൊല്ലം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ലഹരി വസ്തുക്കള്‍ നൽകാൻ ശ്രമിച്ചവരെ തടഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കൈയ്യേറ്റത്തിന് ശ്രമം. ചികിത്സയിൽ കഴിയുന്ന മുറിയിൽ നിന്ന് രോഗബാധിതൻ പുറത്തിറങ്ങുമെന്നും എല്ലാവർക്കും രോഗം പരത്തുമെന്നും ഭീഷണിപ്പെടുത്തി. ആദിച്ചനെല്ലൂരിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. കുറ്റകാർക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന്  ജില്ലാകളക്ടര്‍ വ്യക്തമാക്കി.

കുമ്മല്ലൂരിലെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലായിരുന്നു രോഗികളുടെയും ബന്ധുക്കളുടെയും ഭീഷണി. പുറത്ത് നിന്നും രോഗികള്‍ക്ക് കൊടുക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണത്തിന് ഒപ്പം  മദ്യവും പുകയില ഉത്പന്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ലഹരി വസ്തുക്കള്‍  നല്‍കാന്‍ ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗികള്‍ മുറിവിട്ട് പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയാണ് രോഗികളെ മുറിക്കുള്ളിലേക്ക് കയറ്റിവിട്ടത്. സംഭവം ഖേദകരമാണെന്ന് ജില്ലാകളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. രോഗികള്‍ക്ക് പുറത്ത് നിന്നും ഭക്ഷണം എത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ലഹരിക്ക് അടിമകളായ രോഗികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.