11ാം ശമ്പള പരിഷ്കരണത്തിൽ പൊതുജനാരോ​ഗ്യ മാതൃശിശുസംരക്ഷണ രം​ഗത്ത് പ്രവർത്തിക്കുന്ന 12000ഓളം വരുന്ന ഹെൽത്ത് ഇൻസ്പെക്ടർ/ പബ്ലിക് ഹെൽത്ത് നേഴ്സ് വിഭാ​ഗം ജീവനക്കാരെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ അവ​ഗണിച്ചുവെന്ന പരാതിയുമായി ഹെൽത്ത് ഇൻസ്പെക്ടരർമാർ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ. അവ​ഗണനയിൽ പ്രതിഷേധിച്ച് ഉദ്യോ​ഗസ്ഥർ ഇന്ന് മുതൽ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് പിന്മാറും. ഡ്യൂട്ടി സമയത്തിന് ശേഷം ഉള്ള യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി. 11ാം ശമ്പള പരിഷ്കരണത്തിൽ പൊതുജനാരോ​ഗ്യ മാതൃശിശുസംരക്ഷണ രം​ഗത്ത് പ്രവർത്തിക്കുന്ന 12000ഓളം വരുന്ന ഹെൽത്ത് ഇൻസ്പെക്ടർ/ പബ്ലിക് ഹെൽത്ത് നേഴ്സ് വിഭാ​ഗം ജീവനക്കാരെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 

അതേസമയം 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങിയതായും പരാതി ഉയരുന്നുണ്ട്. രണ്ട് മാസമായി വേതനവും ആനുകൂല്യങ്ങളും സർക്കാരുമായി കരാറുണ്ടാക്കിയ കമ്പനി നൽകിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. എറണാകുളത്തെ 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധ സൂചകമായി കൂട്ട അവധിയിൽ പ്രവേശിച്ചു.

2019 സെപ്റ്റംബറിലാണ് സർക്കാരുമായി കരാറിലേർപ്പെട്ട ജിവികെഇഎംആർഐ കമ്പനിയുടെ 108 ആംബുലന്‍സ് സേവനം എറണാകുളം ജില്ലയിൽ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം തന്നെ ജീവനക്കാരുടെ വേതനം മുടങ്ങാൻ തുടങ്ങി. കിട്ടേണ്ടേ ആനുകൂല്യങ്ങൾ നൽകിയുമില്ല. കൊവിഡ് കാലത്ത് പ്രതിസന്ധി രൂക്ഷമായതോടെ കലക്റ്റർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ കമ്പനി വീണ്ടും വഞ്ചിച്ചെന്ന് ജീവനക്കാർ ആരോപിച്ചു. 

32 ആംബുലന്‍സുകളിലായി 128 ജീവനക്കാരണ് ജില്ലയിൽ ജോലി ചെയ്യുന്നത്. കൊവിഡ് കാലത്ത് രാവും പകലും ഇല്ലാതെ ജോലി ചെയ്തവരോടാണ് ഈ അനീതി. 16450 രൂപ വരെയാണ് 108 ആംബുലൻസ് ജീവനക്കാരുടെ മാസ വരുമാനം. അറ്റകുറ്റപണി നടത്താതിനാൽ പല വാഹനങ്ങളും അപകടവസ്ഥയിലാണെന്നും ജീവനക്കാർ പറഞ്ഞു.