തിരുവനന്തപുരം: രോഗ ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീട്ടിലെ നിരീക്ഷണത്തിനുള്ള മാർഗനിർദേശമായി. നിരീക്ഷണത്തിൽ പോകാൻ  നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറി ഉള്ള റൂമിൽ തന്നെ കഴിയണം. ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശ ഇവർ നിർദേശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും നൽകണം.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ ഫോൺ വഴിയും വീഡിയോ കോൾ വഴിയും ദിവസവും ബന്ധപ്പെടും.  മെഡിക്കൽ ഉപദേശങ്ങൾ നൽകും. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. അത് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കണം. 

കുടുംബത്തിലെ ആരോഗ്യമുള്ള ഒരാൾ രോഗിയുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം. രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കിൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കുടുംബത്തിൽ മറ്റ് അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവരുടെ ആരോഗ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘം വിലയിരുത്തണം. കൊവിഡ് രോഗിയ്ക്ക് 10-ാം ദിവസം ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി വിശ്രമം അനിവാര്യമാണ്.