പ്രവർത്തിക്കാത്ത കേൾവി സഹായി തിരിച്ചുവാങ്ങി, പണം മടക്കിനൽകിയില്ല; മുക്കാൽ ലക്ഷം പിഴ വിധിച്ച് കോടതി
വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിമർശിച്ചു

കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. പ്രവർത്തനരഹിതമായ കേൾവി സഹായി തിരിച്ച് വാങ്ങിയിട്ടും വില മടക്കി നൽകാത്തതിനെതിരെ ആണ് എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് കോടതിയെ സമീപിച്ചത്. കൊച്ചി വൈറ്റിലയിലെ ധ്വനി ഹിയറിങ് സെൻററിൽ നിന്നാണ് പരാതിക്കാരന്റെ അമ്മയ്ക്ക് വേണ്ടി 14,900 രൂപയുടെ കേൾവി സഹായി വാങ്ങിയത്.
കേൾവി സഹായി തിരിച്ച് വാങ്ങിയിട്ടും അതിൻറെ വില ഉപഭോക്താവിന് മടക്കി നൽകാത്ത വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിമർശിച്ചു. വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവർത്തനരഹിതമായിരുന്നു. അംഗപരിമിതയും പ്രായാധിക്യവുമുള്ള അമ്മക്ക് കോടതിയിൽ വരാൻ കഴിയാത്ത സാഹചര്യത്തിലാണ് മകൻ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരനല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രമായ വാദമാണ് വ്യാപാരി കോടതിയിൽ ഉന്നയിച്ചത്. സാങ്കേതികമായ കാര്യങ്ങൾ ഉന്നയിച്ച് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നത് സേവനത്തിലെ വീഴ്ചയും അധാർമികവുമായി വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. വ്യാപാരത്തിൽ ധാർമിക പുലർത്തുകയെന്നത് നിയമപരമായ ആവശ്യം മാത്രമല്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന രീതിയിലുള്ള വിപണി കൂടി സൃഷ്ടിക്കുകയാണ്. അംഗപരിമിതരായവരുടെ സങ്കടങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി കാണണമെന്നും കോടതി നിരീക്ഷിച്ചു.
കേൾവി സഹായിയുടെ വിലയായ 14,900/- രൂപയും നഷ്ടപരിഹാരമായി 50,000/- രൂപയും കോടതി ചെലവായി പതിനായിരം രൂപയുമാണ് കോടതി വ്യാപാരിക്ക് വിധിച്ചത്. ഒരു മാസത്തിനകം പരാതിക്കാരന് പണം നൽകണമെന്ന് കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്