ഹാർട്ട് ഇൻ പ്രഗ്നനൻസി ക്ലിനിക്ക് എന്ന പേരിലാണ് പുതിയ ചികിത്സാപദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
തിരുവനന്തപുരം: ഹൃദ്രോഗികളായ ഗർഭിണികളുടെ ആരോഗ്യപരിചരണത്തിനായുള്ള പ്രത്യേക ക്ലിനിക്കിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം ശ്രീചിത്രയിലെ സിവിടിഎസ് ആൻഡ് കാർഡിയോളജി ഡിപ്പാർട്ട്മെൻ്റും എസ്.എ.ടി ആശുപത്രിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനോക്കളജിയും ചേർന്നാണ് ഹാർട്ട് ഇൻ പ്രഗ്നനൻസി ക്ലിനിക്ക് എന്ന പേരിൽ പുതിയ ചികിത്സാപദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ക്ലിനിക്കിൻ്റെ ഉദ്ഘാടനം ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിസ്വാൾ ഐഎഎസ് നിർവഹിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ഒരു വർഷം 250നും 300നും ഇടയിൽ ഹൃദ്രോഗികളായ ഗർഭിണികൾ എത്താറുണ്ടെന്നാണ് കണക്ക്. ഇവർക്ക് പ്രത്യേക ശ്രദ്ധയും ചികിത്സയും പരിചരണവും ആവശ്യമാണെന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ക്ലിനിക്ക് തുടങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ചടങ്ങിൽ എസ്.സി.ടി.ഐ.എം.എസ്.ടി ഡയറക്ടർ സജ്ഞയ് ബെഹാരി, കാർഡിയോളജി, ഗൈനോക്കളജി വിഭാഗം മേധാവിമാരായ പ്രൊഫ. ഡോ കെ.എം കൃഷ്ണമൂർത്തി, പ്രൊഫ.ഡോ. ബൈജു എസ് ധരൻ, ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ കലാ കേശവൻ എന്നിവർ സംബന്ധിച്ചു. ഡോ ദീപ എസ് കുമാർ, ഡോ സുജ മോൾ ജേക്കബ്, ഡോ തോമസ് മാത്യു, ഡോ.രൂപ ശ്രീധർ, ഡോ. സി കേശവദാസ്, നഴ്സിംഗ് സൂപ്രണ്ട് എം.ഒ നിർമല, ഡോ സുദീപ് ദത്ത് ബാറു, ഡോ.അരുണ് ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
