Asianet News MalayalamAsianet News Malayalam

ഹൃദ്രോഗ ചികിത്സ: സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി

സ്റ്റെന്റില്ലാത്തതിനാല്‍ ഒരു ആശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി.

heart operation stent shortage issue veena george reaction
Author
First Published Apr 22, 2024, 6:15 PM IST

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സ്റ്റെന്റില്ലാത്തതിനാല്‍ ഒരു ആശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഓരോ ആശുപത്രിയും സ്റ്റെന്റിന്റെ സ്റ്റോക്ക് വിവരം കൃത്യമായി വിലയിരുത്താനും കുറവ് വരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

'ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി കാത്ത് ലാബുകള്‍ സ്ഥാപിക്കുകയും ആന്‍ജിയോഗ്രാമും ആന്‍ജിയോ പ്ലാസ്റ്റിയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലും വയനാട് ജില്ലയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍ജിയോപ്ലാസ്റ്റി യാഥാര്‍ത്ഥ്യമാക്കി. ഇടുക്കി ജില്ലയില്‍ കൂടി കാത്ത്ലാബ് സജ്ജമാകുന്നതോടെ എല്ലാ ജില്ലയിലും ഈ ചികിത്സാ സംവിധാനം ലഭ്യമാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള സര്‍ജറികള്‍ വിജയകരമായി നടത്തി വരുന്നു. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളില്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകളും നടത്തി വരുന്നു.' രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു. 

'ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള ഹൃദയ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കാത്ത് ലാബുകള്‍ സജ്ജമാക്കിയത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്മേക്കര്‍, കാലിലെ രക്തധമനികളുടെ തടസം നീക്കുക, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ചികിത്സകള്‍ക്കാണ് കാത്ത് ലാബ് ഉപയോഗിക്കുന്നത്. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതും കാത്ത് ലാബിലാണ്. ഹൃദയത്തിന്റെ രക്തധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമാണ് ആന്‍ജിയോഗ്രാം പരിശോധന. പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യാനാണ് ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുന്നത്. ആന്‍ജിയോപ്ലാസ്റ്റിയിലാണ് സ്റ്റെന്റുകള്‍ ഉപയോഗിക്കുന്നത്.' സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാത്രം ലഭ്യമായിരുന്ന കാത്ത് ലാബ് സംവിധാനം രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജില്ലാ ആശുപത്രികളില്‍ കൂടി വ്യാപിപ്പിച്ച സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി പറഞ്ഞു. 

മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നല്ല ഭക്ഷണം കിട്ടണം, മിന്നല്‍ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാവകുപ്പ് 
 

Follow Us:
Download App:
  • android
  • ios