തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഹൃദയം എത്തിച്ച ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച ആംബുലൻസ് ഡ്രൈവർ റോബിൻ അനുഭവം പങ്കുവച്ചു. 5 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ നിശ്ചയിച്ചിരുന്നത് 6 മിനിറ്റായിരുന്നു. ആ ദൂരം റോബിൻ 4 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കി.
തിരുവനന്തപുരത്ത് നിന്ന് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ഹൃദയവുമായി കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സും റോഡില്‍ ആംബുലന്‍സുകളും നടത്തിയ ജീവന്‍രക്ഷാ പ്രവര്‍ത്തനം കേരളം കണ്ടു കൈയടിച്ചതാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസകിന്‍റെ ഹൃദയം എറണാകുളം സ്വദേശി അജിന്‍റെ ശരീരത്തിലേക്ക് വച്ചുപിടിപ്പിക്കാനായാണ് ഇത്തരത്തില്‍ ദൗത്യം നടന്നത്.
ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് എറണാകുളം ബോള്‍ഗാട്ടിയിലെ ഹെലിപാഡില്‍ നിന്ന് എറണാകുളം നോര്‍ത്തിലെ ലിസി ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് യാത്ര. അഞ്ച് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ നിശ്ചയിച്ചിരുന്നത് ആറു മിനിറ്റായിരുന്നു. ആ ദൂരം നാല് മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയ ആംബുലന്‍സിന്‍റെ വളയം പിടിച്ചത് ലിസി ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ എറണാകുളം സ്വദേശി റോബിനായിരുന്നു. റോബിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിച്ചതിന്‍റെ പ്രസക്ത ഭാഗങ്ങള്‍.

റോഡില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു റോഡ് ക്ലിയറായിരുന്നു എന്നാലും സമ്മര്‍ദ്ദം നിറഞ്ഞൊരു ദൗത്യം തന്നെയായിരുന്നില്ലേ ?
ആദ്യമായിട്ടാണ് ഇങ്ങനെയൊരു മിഷന്‍റെ ഭാഗമാകുന്നത് അതുകൊണ്ടുതന്നെ ഭയങ്കര ടെന്‍ഷനായിരുന്നു. പോലീസിന്‍റെ ഫുള്‍ സപ്പോര്‍ട്ടുണ്ടായിരുന്നു. റോഡ് ക്ലിയറായിരുന്നു അതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ബോള്‍ഗാട്ടി മുതല്‍ ലിസി വരെ എത്രയും പെട്ടെന്ന് 5 കിലോമീറ്റര്‍ കടന്നുപോവുക അത്ര എളുപ്പമല്ലായിരുന്നു എങ്ങനെ മറികടന്നു ആ പ്രതിസന്ധി ?
തീര്‍ച്ചയായും സമയം ഭയങ്കര പ്രധാനമായിരുന്നു. ആറു മിനിറ്റിനുള്ളില്‍ ഈ ദൂരം കടന്നുപോകാനായിരുന്നു എനിക്ക് കിട്ടിയ നിര്‍ദേശം. ഞങ്ങള്‍ക്ക് ആ അഞ്ചു കിലോമീറ്റര്‍ ദൂരം നാലു മിനിറ്റുകൊണ്ട് പൂര്‍ത്തികരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ജനങ്ങളുടേയും പോലീസിന്‍റെയും ആശുപത്രിയുടെയും സഹകരണം എത്രമാത്രമുണ്ടായിരുന്നു ?
ജനങ്ങളുടെ പിന്തുണ വളരെ പ്രധാനമായിരുന്ന വിഷയത്തിന്‍റെ അടിയന്തര സ്വഭാവം മനസിലാക്കി ജനങ്ങള്‍ ക്ഷമയോടെ ട്രാഫിക്കില്‍ കാത്തുകിടന്നു. കൂടാതെ പോലീസ് എല്ലാ പിന്തുണയും തന്നു. പ്രതേകിച്ചും ഒരു എസ്.ഐ അദ്ദേഹം രാവിലെ മുതല്‍ എല്ലാ നിര്‍ദേശവും തന്ന് കൂടെ തന്നെയുണ്ടായിരുന്നു. എല്ലാവരുടേയും പിന്തുണ കൊണ്ടാണ് എനിക്ക് ഇത്രയും പെട്ടെന്ന് എത്തിക്കാന്‍ സാധിച്ചത്.

കൂടാതെ ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ എല്ലാവരും പിന്തുണയുമായി പിന്നിലുണ്ടായിരുന്നു. തിരുവനന്തപുരം കിംസില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് ഹൃദയമെത്തിച്ച ഞങ്ങളുടെ തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ഷിബു ചേട്ടനും സഞ്ജു ചേട്ടനും അവരുടെ പ്രവര്‍ത്തനവും പ്രധാനമായിരുന്നു. ഇവിടെ എന്‍റെ കൂടെ വന്ന സച്ചിന്‍ ചേട്ടന്‍ ഞങ്ങളുടെ ടീം ലീഡർ ഷിജോ, ലിസിയിലെ വൈദികന്‍മാരോടും എല്ലാവരോടും എന്‍റെ കടപ്പാടുണ്ട്.
ഹൃദയം ഏറ്റുവാങ്ങി എന്‍റെ കൂടെ ആംബുലന്‍സില്‍ വന്ന പി.ആര്‍.ഒ രാജേഷ് സാറിന്‍റെ പിന്തുണയും മറക്കാന്‍ പറ്റാത്തതാണ്. ഇത്രയും ചെറുപ്പത്തില്‍ എന്നെ ഈ ദൗത്യം ഏറ്റെടുക്കാന്‍ വിശ്വസിച്ച ഹോസ്പിറ്റല്‍ മാനേജ്മെന്‍റിനും എല്ലാത്തിനുപരി ദൈവത്തിനും ഞാന്‍ നന്ദി പറയുന്നു.
ഈ ദൗത്യം നല്‍കിയ മനക്കരുത്തോടെ അടുത്ത എമര്‍ജന്‍സിക്ക് ഭയമില്ലാതെ ഓടാന്‍, അടുത്ത ജീവന്‍ രക്ഷിക്കാന്‍ റോബിന്‍ തയ്യാറെടുക്കുകയാണ്.



