തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്

പമ്പ: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു, ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

ശുചിമുറിയും കുളിമുറികളും സൗജന്യം

അതേസമയം ശബരിമല ഭക്തർക്കായുള്ള ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. സന്നിധാനത്തും പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളില്‍ പണം വാങ്ങി ഏർപ്പെടുത്തിയിരുന്ന സൗകര്യങ്ങളാണ് സൗജന്യമാക്കിയത്. ശുചിമുറികളുടെ നിലവാരത്തെകുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികള്‍ ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി. താല്‍പ്പര്യമുള്ള ഭക്തർക്ക് സംഭവനായി പണം നല്‍കാനും സൗകര്യമുണ്ടാകും. വിപ്ലവകരമായ തീരുമാനമെന്ന് പറഞ്ഞുകൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ പ്രഖ്യാപനം നടത്തിയത്. ഇതിനിടെ ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ്സ് ഗ്രാന്‍റ് വർധിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കിയിരുന്നു. പ്രതിദിനം 79 രൂപയില്‍ നിന്ന് 90 രൂപയാക്കി ആണ് വർധിപ്പിച്ചത്.