Asianet News MalayalamAsianet News Malayalam

കനത്ത മഴ രാത്രിയിലും തുടരുന്നു: മലപ്പുറത്തും വയനാട്ടിലും ആശങ്ക , പുത്തുമലയില്‍ ഒലിച്ചു പോയത് 70 വീടുകള്‍ ?

 ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും എഴുപതോളം വീടുകളും പുത്തുമലയില്‍ അവശിഷ്ടങ്ങള്‍ക്കിടയിലായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Heavy Casuality in malpuram and wayanad
Author
Malappuram, First Published Aug 8, 2019, 10:26 PM IST

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യം. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. എഴുപത് വീടുകളെങ്കിലും  മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മേപ്പാടിയിലെ സ്ഥിതി ഗുരുതരമാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രതികൂല സാഹചര്യം കാരണം ഹെലികോപ്ടറുകള്‍ക്ക് നീങ്ങാനാവാത്ത അവസ്ഥയാണെന്നും മുഖ്യന്ത്രി വ്യക്തമാക്കി. 

വയനാട്ടിലും മലപ്പുറത്തും നൂറുകണക്കിന് പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. രക്ഷാദൗത്യത്തിന് ഇന്ത്യന്‍ സൈന്യവും ദുരന്തനിവാരണസേനയും രംഗത്തിറങ്ങി. കുടുങ്ങിപ്പോയ ആളുകളെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ എട്ട് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചതെന്നാണ് ഔദ്യോഗികമായ കണക്ക്. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍ പൊട്ടലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതിരുന്ന ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്കുകളും തകരാറിലായിരുന്നു. ഇതോടെ സംഭവം പുറത്തറിയാന്‍ വൈകി. പ്രദേശവാസിയായ ഒരാള്‍ പുറത്തുവിട്ട മൊബൈല്‍ ക്ലിപ്പിലൂടെയാണ് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകം അറിയുന്നത്.  

അപകടവിവരം പുറത്തറിഞ്ഞ ശേഷവും വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍രക്ഷാപ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്നും പത്തോളം പേരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. കേന്ദ്രസേന രക്ഷാപ്രവര്‍ത്തനത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. സബ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘവും ഇവിടെ എത്തിയിട്ടുണ്ട്. 

പുത്തുമല, പച്ചക്കാട് മേഖലയില്‍ രണ്ട് മലകള്‍ക്കിടയിലുള്ള പ്രദേശത്തൂടെയാണ് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായത്.  ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും എഴുപതോളം വീടുകളും ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയിലായി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. നാളെ രാവിലെ ആയാല്‍ മാത്രമേ ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

പുത്തുമലയില്‍ അപകടമുണ്ടായ വിവരം മൊബൈല്‍ വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത് അവിടെയുള്ള ഒരു പഞ്ചായത്ത് മെംബറാണ് എന്നാണ് വിവരം. സംഭവങ്ങളുടെ ദൃക്സാക്ഷിയായെ ഇയാളെ പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ പ്രദേശവാസികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. അവിടേക്ക് പോയ ഉദ്യോഗസ്ഥരോ രക്ഷാപ്രവര്‍ത്തകരോ ഇതുവരെ തിരികെ വന്നിട്ടില്ല. ഈ മേഖലയില്‍ ഇപ്പോള്‍ മൊബൈല്‍ റേഞ്ചും ലഭ്യമല്ല. 

മുന്‍പേ തന്നെ ദുര്‍ഘടമായ പാതയുള്ള ഈ പ്രദേശത്തേക്ക് പ്രകൃതി ക്ഷോഭം കാരണം ഇപ്പോള്‍ ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. സംഭവം അറിഞ്ഞ് അങ്ങോട്ട് പുറപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ മണിക്കൂറുകള്‍ വഴിയില്‍ കുടുങ്ങിയെന്നാണ് വിവരം. അപകടം വിവരം അറിഞ്ഞതിന് പിന്നാലെ ഈ മേഖലയിലേക്കുള്ള ഗതാഗതനിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. 

അതേസമയം ഏത് സാഹചര്യം നേരിടാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനവ്യാപകമായി ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ചില സ്ഥലങ്ങളിലെ സ്ഥിതി ഗൗരവതരമാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാനായി ഹെലികോപ്ടറുകള്‍ അടക്കം സജ്ജമാണെങ്കിലും പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍ ആളുകള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം. മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ മുതല്‍ ആളുകള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറിയെന്നും എന്നാല്‍ ഇപ്പോഴും ചിലര്‍ ക്യാംപുകളിലേക്ക് മാറാന്‍ തയ്യാറാവത്തതായി ശ്രദ്ധയില്‍പ്പെട്ടെന്നും അതു പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
എല്ലാ വകുപ്പുകളും അടിയന്തിര സാഹചര്യത്തെ നേരിടാൻ തയ്യാറായി നില്‍ക്കുകയാണ്. മേപ്പാടിയിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios