Asianet News MalayalamAsianet News Malayalam

ഓണക്കാലത്തെ ലഹരി ഒഴുക്ക്; അതിര്‍ത്തികളില്‍ കനത്ത പരിശോധന

ഓണനാളുകളിൽ മദ്യവും മയക്കുമരുന്നും സംസ്ഥാനത്തേക്ക് കടത്തുന്നത് തടയാൻ പരിശോധന ശക്തമാക്കി. അതിർത്തിയിലും വനമേഖലയിലും പരിശോധന ശക്തമാക്കി.

Heavy checking in kerala border for illegal drugs
Author
Idukki, First Published Sep 1, 2019, 9:09 AM IST

ഇടുക്കി: ഓണനാളുകളിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാൻ ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്തും. കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ്-എക്സൈസ് വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്നും വ്യാജമദ്യവും എത്താനിടയുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നു. അതിർത്തിയിലെ പ്രധാന റോഡുകൾക്ക് പുറമെ വനത്തിലൂടെയുള്ള സമാന്തര പാതകളും കടത്തുകാർ ഉപയോഗിക്കുമെന്നാണ് വിവരം. ഉടുമ്പൻചോലയിൽ മാത്രം ഇത്തരത്തിൽ 20 സമാന്തര പാതകൾ ഉണ്ടെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇരു സംസ്ഥാനങ്ങളിലെയും നാർക്കോട്ടിക്ക് ഇന്‍റലിജൻസ് ബ്യൂറോകൾ സംയുക്ത യോഗം ചേർന്നത്. 

പൊലീസ്, വനംവകുപ്പ്, ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളിലും പെരുവന്താനം ചന്തയിലേയ്ക്ക് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങളിലും കഞ്ചാവ് ഉൾപ്പെടെയുള്ളവ കടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ അതിർത്തിയിൽ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പരിശോധന സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു.

പെരുവന്താനം കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഓണത്തിന് പ്രത്യേക പാർട്ടികൾ ക്രമീകരിക്കുന്നതായും സൂചനയുണ്ട്. സംശയമുള്ള റിസോർട്ടുകളിൽ പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തും. അതി‍ർത്തിയിലെ വനമേഖലയിൽ തമിഴ്നാട് വനം വകുപ്പ് രാത്രി കാല പെട്രോളിംഗും നടത്തും.

Follow Us:
Download App:
  • android
  • ios