ആലപ്പുഴ: ശക്തമായ മടവീഴ്ചയിൽ ആലപ്പുഴ ജില്ലയിൽ 1460 ഹെക്ടർ കൃഷികൾ നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിക്കുകയാണ് ആളുകൾ. ജില്ലയിൽ 10688 പേരാണ് 72 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്.

ഇതുവരെ ജില്ലയിൽ 14 പാടശേഖരങ്ങളിലാണ് മടവീണത്. കൂടുതലും കുട്ടനാട്ടിലാണ്. 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. കയ്യിൽകിട്ടിയതെല്ലാമെടുത്ത് പലരും വീടുവീട്ടുപോവുകയാണ്. മടവീഴ്ച തടയാൻ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ടെങ്കിലും കർഷർ ആശങ്കയിലാണ്.

ജലനിരപ്പ് കുറയാത്തത്തിനാൽ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം ഇന്നും തടസ്സപ്പെട്ടു. ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ മാമ്പുഴക്കരി വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നുള്ള സ‍ർവ്വീസുകൾ പൂർണ്ണമായി നിർത്തി. എസി റോഡിനു സമീപത്തെ വീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോയി.