ആലപ്പുഴ:ജില്ലയിൽ അതിരൂക്ഷമായ മടവീഴ്ച. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

ജില്ലയിൽ മഴ അത്ര ശക്തമല്ല. പക്ഷെ കിഴക്കൻ വെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിൽ പാടങ്ങളിൽ ഓരോന്നായി മട വീഴുന്നു. കൈനകരി പഞ്ചായത്തിൽ മാത്രം ആറ് പാടശേഖരങ്ങളിലാണ് മടവീണത്. പുറംബണ്ട് തകർത്ത് പാടങ്ങളിൽ കയറിയ വെള്ളം മണിക്കൂറുകൾ കൊണ്ട് സമീപത്തെ വീടുകളിലേക്കും ഇരച്ചുകയറി. ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ആളുകൾ വീട് വിട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടി.

ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളുള്ളത്. പ്രളയബാധിതരെ സഹായിക്കാൻ ആലപ്പുഴ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കളക്ഷൻ സെന്‍റർ തുറന്നിട്ടുണ്ട്. ആലപ്പുഴ - ചങ്ങനാശ്ശേരി സംസ്ഥാന പാതയിൽ ജലനിരപ്പ് കുറയാത്തതിനാൽ ചെറിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും.