തിരുവനന്തപുരം: തെക്കൻ ജില്ലകളിലെ അഞ്ച് ജില്ലകളിലേക്കായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 40 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. തെക്കൻ മേഖലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിൽ 12 മണിയോടെ പോളിംഗ് അൻപത് ശതമാനം കടന്നു. 

കൈനകരി, മുട്ടാർ, ചേന്നം പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി, തണ്ണീർമുക്കം, ആര്യാട് , മുഹമ്മ, കോടംതുരുത്ത് , തുറവൂർ ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടിംഗ് തുടങ്ങി അഞ്ച് മണിക്കൂറിൽ തന്നെ പകുതി പേരും വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് വന്ന ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 48.73 ശതമാനം പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. 

കൊല്ലം 46.71, പത്തനംതിട്ട 47.51, ഇടുക്കി 47.85 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം. പതിവ് പോലെ ഇക്കുറിയും തിരുവനന്തപുരത്ത് പോളിംഗ് കുറവാണ്. വോട്ടെടുപ്പ് ആറ് മണിക്കൂർ പിന്നിടുമ്പോൾ തിരുവനന്തപുരത്ത് 43.2 ശതമാനം പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ. അഞ്ച് ജില്ലകളിലെ പൊതുപോളിംഗ് ശതമാനം 46.2 ആണ്.