കണ്ണൂര്‍ : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ നഗരസഭകളിലെ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തുകയാണ് കണ്ണൂര്‍ ജില്ലയിലെ ആന്തൂരിൽ. അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ക്യൂ ആണ് ബൂത്തുകൾക്ക് മുന്നിൽ ഇപ്പോഴും ഉള്ളത്. 

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്.   22 ഡിവിഷനിലാണ് വോട്ടിംഗ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്. 

2015 ലാണ് ആന്തൂര്‍ നഗരസഭ രൂപമെടുക്കുന്നത്. 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം. ഏറ്റവും അധികം പാര്ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.  വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭയാണ് കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ .