Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ, അക്രമം; 30 ലേറെ പൊലീസുകാർക്ക് പരിക്ക്, കളക്ടർ സ്ഥലത്തേക്ക്, വൈദികരുമായി ചർച്ച

ജില്ലാ കളക്ടറും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിടണമെന്നാണ് സമര സമിതിയുടെ ആവശ്യം. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി.

heavy protest at vizhinjam police station protestors demanded to release people in custody
Author
First Published Nov 27, 2022, 10:16 PM IST

തിരുവനന്തപുരം: വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ  സഭ പ്രതിനിധികളുമായി പൊലീസ് ചർച്ച. ജില്ലാ കളക്ടറും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിടണമെന്നാണ് സമര സമിതിയുടെ ആവശ്യം. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്ത് വന്‍ സംഘര്‍ഷാവസ്ഥ. പൊലീസ് പ്രതികാര നടപടി സ്ഥീകരിക്കുകയാണെന്നും കസ്റ്റഡിയിലെടുത്തവരെ വിടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു.  വിഴിഞ്ഞം സ്റ്റേഷൻ സമരക്കാർ അടിച്ചു തകർത്തു.

Also Read: വിഴിഞ്ഞം സംഘര്‍ഷം: 'ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി', അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍

സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക മാധ്യമ പ്രവർത്തകർക്കും മർദ്ദനമേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സഭാപ്രതിനിധികളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, പൊലീസിനെതിരെ സമര സമിതി കൺവീനർ ഫാ. യുജിൻ പെരേര രംഗത്തെത്തി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിന്‍ പെരേര പറഞ്ഞു. വൈദികരെ അടക്കം പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

 

അതിനിടെ, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബർ 28  മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ  തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios