അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ് ഉണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാന വ്യാപകമായി മിതമായ മഴ കിട്ടിയേക്കും. ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകും. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ് ഉണ്ട്.
പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനായില്ല. ഇടുക്കിയിൽ യെല്ലോ അലർട്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ പത്തനംതിട്ട കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇത് രാത്രിയിലും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളിൽ നിന്നും മനസിലാക്കുന്നുവെന്ന് കളക്ടർ വ്യക്തമാക്കി.
ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും ഇന്നലെ രാത്രി ഉണ്ടായെന്ന് കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസ്സം വേഗത്തിൽ നീക്കുന്നുണ്ടെന്നും കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർന്നും ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിതമായ തോതിൽ ജലം പുറത്തേക്കു വിടും. ആശങ്കാജനകമായ സ്ഥിതി നിലവിൽ ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം എന്നഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ പറഞ്ഞു.
