മലപ്പുറം: കനത്ത പേമാരി വീണ്ടും കേരളത്തിലാകെ നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് പ്രവാസികള്‍. ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും വിവരമില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ജീവനോടെ ബന്ധുക്കളുണ്ടെന്നറിയുമ്പോള്‍ ആശ്വസിക്കുകയാണ് പലരും. 
ഉറ്റവര്‍ക്കെന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ് മറ്റു ചിലര്‍. 

വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവിനെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടെന്നറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ് സൗദി അല്‍ഖോബാറില്‍ ജോലി ചെയ്യുന്ന മുഹമ്മദ് റാഫി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടു. കോഴിക്കോടുള്ള ബന്ധുവീട്ടില്‍ പോയതുകൊണ്ടാണ് റാഫിയുടെ ഉമ്മ രക്ഷപ്പെട്ടത്. 'പിതാവ്, വലിയുമ്മ, അമ്മാവന്‍, അവരുടെ മകന്‍ എല്ലാവരും മരിച്ചു. വലിയുമ്മയുടെ മൃതദേഹം ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

മൂന്നു വര്‍ഷമായി വിദേശത്താണ് മുഹമ്മദ് റാഫി.സുഹൃത്തുക്കളാണ് നാട്ടില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചും ഉറ്റവരുടെ മരണ വിവരവും അറിയിച്ചത്. വിവരങ്ങള്‍ അറഞ്ഞ ഉടനെതന്നെ മുഹമ്മദ് റാഫി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.