കോഴിക്കോട്: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്.  ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം പ്രദേശം ഒറ്റപ്പെട്ടു. കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്നാണ് ആളുകളെ ഇവിടെ നിന്നും മാറ്റുന്നത്. 

ഇന്നലെ മുതല്‍ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. അതിനിടെ പൂനൂര്‍പ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. ഒപ്പം ചെത്ത്കടവ് പാലം മുങ്ങിപോയി. കഴിഞ്ഞ വര്‍ഷവും വെള്ളം കയറി ഈ പാലം മുങ്ങിയ അവസ്ഥയിലായിരുന്നു. 

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ ഡി ടി പി സി സഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അരിപ്പാറ, തുഷാരഗിരി, സരോവരം എന്നിവിടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല. കോഴിക്കോട്, ബേപ്പൂർ, വടകര ബീച്ചുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.  കോഴിക്കോട് കണ്ണാടിക്കലില്‍ വെള്ളത്തില്‍ വീണ് ഒരാള്‍ മരിച്ചു. 

കോഴിക്കോട് ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞതോടെ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നും കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.