Asianet News MalayalamAsianet News Malayalam

പ്രളയ ഭീതിയില്‍ ഇടുക്കി; ശക്തമായ മഴ തുടരുന്നു, വ്യാപക നാശനഷ്ടം, ഒരു കുട്ടി ഉള്‍പ്പെടെ നാലു മരണം

ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ല എച്ച്. ദിനേശന്‍ അറിയിച്ചു. കനത്തമഴയെത്തുടര്‍ന്ന് മൂന്നാര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. 

heavy rain continues in Idukki, 4 people dies include child
Author
Idukki, First Published Aug 8, 2019, 11:13 PM IST

ഇടുക്കി: രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ അപകടങ്ങളിലായി ഒരു കുട്ടി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയം മുതല്‍ കട്ടപ്പന, കുമളി റോഡുകളിലും ചെറുതോണി- അടിമാലി റോഡും ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞു. പലയിടങ്ങളിലും വെള്ളം കയറി.

heavy rain continues in Idukki, 4 people dies include child

ചിന്നക്കനാല്‍ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് നാമക്കല്‍ സ്വദേശികള്‍ രാജശേഖരന്‍ -നിത്യ ദമ്പതികളുടെ ഒരുവയസ്സുള്ള മകള്‍ മഞ്ജുശ്രീ ആണ് മരിച്ചത്.  രാവിലെയാണ് അപകടം. സ്വകാര്യ റിസോര്‍ട്ടിന് പിന്‍ഭാഗത്തെ തൊഴിലാളി ലയങ്ങളോട് ചേര്‍ന്ന് ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റന്‍ മണ്‍കൂന കനത്ത മഴയില്‍ ഇടിഞ്ഞ് ലയങ്ങള്‍ക്ക് മുകളിലേയ്ക്ക് പതിച്ചു. രാജശേഖരന്‍റെ  വീടിന് മേല്‍ പതിച്ചതിനെത്തുടര്‍ന്ന് ഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് വീണു. ഈ സമയം കുട്ടി മറ്റുള്ളവര്‍ക്കൊപ്പം വീടിന്‍റെ മുന്‍വശത്ത് ഉണ്ടായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും നടക്കാറാകാത്ത കുട്ടി മണ്ണിനടിയില്‍ പെട്ടു. പിന്നിട് എല്ലാവരും ചേര്‍ന്ന് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി  പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ശാന്തന്‍പാറ എസ്. ഐ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം  മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

heavy rain continues in Idukki, 4 people dies include child

മണ്ണ് വീണ് മൂന്ന് വീടുകളും തകര്‍ന്നു.  റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തിന് ഇരയായി മരിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കിയിട്ടുണ്ട്.  മറയൂരില്‍ വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍(71) ആണു മരിച്ചത്. തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് ഷെഡ് വീണ് മരിച്ചത്. ഇന്നലെ രാത്രി കനത്തമഴയില്‍ ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു. നെടുങ്കണ്ടം കല്ലാര്‍ വട്ടയാര്‍ കോഴിപ്പാടന്‍ ജോബിന്‍ (30) മരം വീ്ണു മരിച്ചു. 

ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ല എച്ച്. ദിനേശന്‍ അറിയിച്ചു. കനത്തമഴയെത്തുടര്‍ന്ന് മൂന്നാര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. മറയൂരുമായുള്ള ഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്. ചിന്നക്കനാല്‍, പൂപ്പാറ, ചെറുതോണി ദേശീയപാതകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. ചിന്നക്കനാലില്‍ മമണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരിക്കേറ്റു. ഉടുമ്പന്‍ചോല- ദേവികുളം റോഡിലും  ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചതുരംഗപ്പാറ വില്ലേജിലെ ഒരു തടയണ വെള്ളപ്പൊക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ പൊളിച്ചുവിട്ടു. 

ഉടുമ്പന്‍ചോല- നെടുംകണ്ടം സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍  അമ്പത്തിഅഞ്ചാംമൈല്‍ , അമ്പത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു. രാജാക്കാട ്- വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം അടഞ്ഞ സ്ഥിതിയിലാണ്. ഒരുപാലം ഒലിച്ച്പോയി. 4 വീടുകള്‍ തകര്‍ന്നു. ചെറുതോണി - നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍  ഉരുള്‍പൊട്ടി. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. 

ചുരുളിയില്‍ പലയിടങ്ങളിലും  റോഡ് ഭാഗികമായി ഇടിഞ്ഞു പോയി. കട്ടപ്പന ബ്ലോക്ക്  ഓഫിസിന് സമീപം വന്‍ തോതില്‍ മണ്ണിടിഞ്ഞു.വിടി പടി, തവളപ്പാറ, കുന്തളംപാറ, ചെമ്പകപ്പാറ,എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. .പുളിയന്‍മല റോഡില്‍ മരം വീണു. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കുകയാണ്.

അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു മച്ചിപ്ലാവ് അസ്സീസ് പള്ളിയില്‍ തുടങ്ങിയ ക്യാമ്പിലേക്ക് 6 കുടുംബത്തില്‍ നിന്നും 35 പേരെ  മാറ്റി. ചാറ്റുപാറ, മന്നാങ്കാല പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കൂടുതല്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ അവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്‍റ് ദീപ രാജീവ് അറിയിച്ചു.

അടിമാലി ചാറ്റുപാറ സ്വകാര്യ കറിപ്പൊടി കമ്പനിയില്‍ വെള്ളം കയറി. മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍ കുത്ത് - കുവൈറ്റ് സിറ്റി പാലം. ഒലിച്ചു പോയി. 
മാങ്കുളത്ത് വാഹന ഗതാഗതം നിലച്ചു. ആറംമൈല്‍ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലിച്ചൂ പോയി. പട്ടരുകണ്ടത്തില്‍ ഷാജി പൂവപ്പള്ളില്‍ ബിനു, പാറക്കുടിയില്‍ തങ്കരാജ് എന്നിവരുടെ വീടുകള്‍് തകര്‍ന്നു. നാല് ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു.

വിരിഞ്ഞപാറ വഴി മണ്ണിടിഞ്ഞു യാത്ര തടസ്സപ്പെട്ടു. ബസ് ഗതാഗതം നിലച്ചു. നല്ല തണ്ണിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.  ഉള്‍പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
മൂന്നാറില്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. മുതിരപ്പുഴയില്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ഇക്കാ നഗര്‍, നടയാര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം ശക്തമായ ഒഴുക്കില്‍ തകര്‍ന്നതോടെ മൂന്നാര്‍ - ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാനപാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകര്‍ന്നതോടെ ഏഴ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ട നിലയിലായി.

heavy rain continues in Idukki, 4 people dies include child

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറില്‍ ദേശീയ പാതയിലെ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇക്കാ നഗറില്‍ തോടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു . മൂന്നാര്‍ - നല്ലതണ്ണി, മൂന്നാര്‍ - നടയാര്‍ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ലോക്കാട് ഗ്യാപ്പ് റോഡില്‍ പല ഭാഗത്തും മണ്ണിടിഞ്ഞു.  മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് നല്ലതണ്ണി ജംഗ്ഷനിലുള്ള വീടുകള്‍ക്ക് സമീപം മണ്ണിടിഞ്ഞു വീണു. മൂന്നാര്‍- ദേവികുളം റോഡ് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറില്‍  സബ്കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ദേവികുളം നടത്തിവരുകയാണ്. ഗതാഗത തടസം നീക്കാന്‍ പരമാവധി ശ്രമം നടത്തിവരുകയാണെന്ന് സബ്കളക്ടര്‍ അറിയിച്ചു. 

കട്ടപ്പന ഇരട്ടയാര്‍ റൂട്ടില്‍ അയ്യമലപ്പടി ഭാഗത്തു ഇരട്ടയാര്‍ ഡാമിന്‍റെ കാച്‌മെന്‍റ് ഏരിയ തോട്ടില്‍ നിന്നും വീടുകളിലേക്കു വെള്ളം കയറി. മുളകര മേട് പള്ളിയുടെ പാരിഷ്ഹാള്‍ ഭാഗികമായി ഇടിഞ്ഞു. പാമ്പാടുംപാറ പുളിയന്മല റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഉപ്പുതറ  കെ.  ചപ്പാത്തില്‍ പാലത്തില്‍ വെള്ളം കയറി. കട്ടപ്പനയില്‍ ഒരു വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പനയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തലനാരിഴക്കാണ് ആളപായം ഒഴിവായത്. പെരിഞ്ചാങ്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും  വീടുകളില്‍ വെള്ളം കയറി. ചെറുതോണിയില്‍ ഗാന്ധിനഗര്‍ കോളനിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ക്ക് പരുക്കേറ്റു. 

ഗാന്ധിനഗര്‍ പുത്തന്‍വിളയില്‍ ഹമീദാണ് മണ്ണിനടിയില്‍ പെട്ടത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടം ഇരുന്ന സ്ഥലത്ത് ഉരുള്‍പൊട്ടി. ഓഫീസ് വണ്ടി ഒലിച്ചുപോയി. ദേവികുളം താലൂക്കില്‍ ദേവികുളം വിഎച്ച്എസ്‌സിയിലും പഴയ മൂന്നാറിലും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണ്‍ ഹാളിലും വണ്ടിപ്പെരിയാറിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.  മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിനോദ സഞ്ചാരങ്ങള്‍ക്ക് ആഗസ്റ്റ് 15 വരെ ജില്ലാകളക്ടര്‍ നിരോധനമേര്‍പ്പെടുത്തി.

Follow Us:
Download App:
  • android
  • ios