ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്,  ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമർദ്ദം തീവ്രമായതാണ് കനത്ത മഴയ്ക്കുള്ള കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം അതി തീവ്രമാകും

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മറ്റന്നാൾ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു.

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമർദ്ദം തീവ്രമായതാണ് കനത്ത മഴയ്ക്കുള്ള കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം അതി തീവ്രമാകും. സംസ്ഥാനത്തും ലക്ഷ്ദ്വീപിലും മഴ കനക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

 65 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലിൽ പോയവർ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. പൊതുജനങ്ങളും കൂടുതൽ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു