Asianet News MalayalamAsianet News Malayalam

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു, നദികളിലെ ജലനിരപ്പുയർന്നു

 കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
 

Heavy rain continues in kerala
Author
Kozhikode International Airport (CCJ), First Published Oct 12, 2021, 12:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു (Heavy rain continues in kerala). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരമൊഴികെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പുതിയ പ്രവചനം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ വൈകിട്ട് മുതൽ കനത്ത മഴ തുടരുന്നത്. അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. 

കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു.പി സ്കൂൾ, വേങ്ങേരി യു.പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി.എം.യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്.

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട്  പുല്ലിതൊടിക ഉമ്മറിൻ്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. മലപ്പുറം എടപ്പാൾ പൂക്കരത്തറയിൽ മാടമ്പിവളപ്പിൽ അബ്‌ദുൾ റസാഖിൻ്റെ വീട്ടിലെ കിണ‍ർ ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ‌

മലപ്പുറം കാളികാവിൽ കനത്ത മഴയിൽ ഒരു വീട് തകർന്നു. വലിയപറമ്പ് ഉമ്മറിൻ്റെ വീടാണ് തകർന്നത്. ഉമ്മറിനോടും  കുടുംബത്തോടും  സുരക്ഷിത സ്ഥാനത്തേക്ക്  മാറിത്താമസിക്കുവാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. മലപ്പുറം താനൂർ ശോഭപ്പറമ്പ് സ്കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയ‍ർ ഫോഴ്‌സും ട്രോമകെയർ പ്രവ‍ർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുകുന്നു. തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അടിയന്തര സാഹചര്യം നേരിടാൻ ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0480 2705800, 8848357472 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാൽ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് കുറച്ചിട്ടുണ്ട്. 

മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തഹസിൽദാർ ഇ എൻ രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ചാലക്കുടി താലൂക്കിൽ പരിയാരം വില്ലേജ് സെൻസെബാസ്റ്റ്യൻ സ്കൂൾ, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ 4 കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് ജാ​ഗ്രത തുടരുകയാണ്. ജലനിരപ്പ് ഫ്ലഡ് വാണിംഗ് ലെവലിന് മുകളിലാണിപ്പോൾ ഉള്ളത്.  നിലവിലെ ജലനിരപ്പ് 9.965 മീറ്ററാണ്.  വാണിംഗ് ലെവൽ 9.015 മീറ്ററും. 

Follow Us:
Download App:
  • android
  • ios