Asianet News MalayalamAsianet News Malayalam

കനത്ത മഴയിൽ തെക്കൻ ജില്ലകളിലും ആശങ്ക, കക്കട്ടാറിലും പമ്പയിലും ജലനിരപ്പുയരാൻ സാധ്യത

മൂന്നാറിൽ ഇന്ന് രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മൂന്നാർ ഹെഡ് വർക്സ് ഡാമിൻ്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നു. 

heavy rain contniues in Kerala
Author
Pathanamthitta, First Published Aug 6, 2020, 12:24 PM IST

പത്തനംതിട്ട/ഇടുക്കി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഫലമായി തുടർച്ചയായി മൂന്നാം ദിവസവും മഴ തുടരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വടക്കൻ ജില്ലകളെ കൂടാതെ തെക്കൻ ജില്ലകളിലേക്കും പ്രളയഭീതി ശക്തമായിട്ടുണ്ട്. സംസ്ഥാനവ്യാപകമായി കഴിഞ്ഞ 24 മണിക്കൂറിൽ നല്ല മഴയാണ് ലഭിച്ചത്. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. 

മൂന്നാറിൽ ഇന്ന് രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മൂന്നാർ ഹെഡ് വർക്സ് ഡാമിൻ്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നു. മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂന്നാറിലെ താഴ്ന്ന മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. മൂന്നാർ ഗ്യാപ് റോഡിൽ ഇന്ന് മണ്ണിടിച്ചിലുണ്ടായി.

നേരത്തെ മലയിടിഞ്ഞതിന് സമാനമാണ് ഇപ്പോൾ ഉണ്ടായ മണ്ണിടിച്ചിൽ. ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ട മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കക്കാട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്റീമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. 

കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത് . മരങ്ങളും ഇലക്ട്രിക് തൂണുകളും ഒടിഞ്ഞു വീണു . എംസി റോഡില്‍ അടക്കം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. രാത്രിയിലായിരുന്നു മഴയും ശക്തിയേറിയ കാറ്റും . അഞ്ചൽ , കൊട്ടാരക്കര , കുളത്തൂപ്പുഴ, തെന്മല മേഖലകളിലാണ് നാശനഷ്ടങ്ങളേറെയും . വിവിധ ഇടങ്ങളില്‍ കൃഷി നാശം ഉണ്ടായി.

പവിത്രേശ്വരം,കല്ലട മേഖലകളില്‍ നിരവധി റബ്ബറുകളും വാഴകളും ഒടിഞ്ഞുവീണു.അഞ്ചല്‍ ഏരൂരിലും കുളത്തൂപ്പുഴയിലും മരം വീണ് വൈദ്യപുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. നെട്ടയം,അഞ്ചൽ,ഏരൂര്‍,ഇടമുളയ്ക്കല്‍, അലയമണ്‍,ചണ്ണപ്പേട്ട എന്നിവിടങ്ങളി‍ൽ വീടുകളുടെ മുകളില്‍ മരം വീണു. അഞ്ചൽ ചോരനാട്ടിൽ വീടിന്‍റെ മുകളിൽ മരം വീണ് മൂന്ന് വയസുകരാന് തലയ്ക്ക് പരിക്കേറ്റു . അഞ്ചൽ പടിഞ്ഞാറ്റിൻകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരം വീണ് ഓട്ടോ തകര്‍ന്നു . 

എംസി റോഡില്‍ സദാനന്ദപുരത്തും കൊട്ടാരക്കര തൃക്കണ്ണമംഗലത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപപ്പെട്ടു . കൊല്ലം തിരുമംഗലം ദേശീയപാതയിൽ തെന്മലയിൽ മണ്ണിടിച്ചിലുണ്ടായി .ജില്ലയില്‍ 365 പുനരധിവാസ കേന്ദ്രങ്ങൾ സജ്ജമാക്കിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

നെടുമങ്ങാട് മരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികൻ മരിച്ചു. നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരനായ അജയനാണ് മരിച്ചത്. ഉഴമലയ്ക്കൽ കാരിനാട് ഭാഗത്ത് വച്ചായിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് പോകവേയാണ് അജയൻ അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ തിരുവനന്തപുരം വെഞ്ഞാറമൂട് വ്യാപകമായി മരങ്ങൾ കടപുഴകി വീണു. സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗം പുനസ്ഥാപിച്ചത്. മരം വീണ്  ലൈനുകൾ പൊട്ടി പലയിടത്തും വൈദ്യുതി തടയസ്സപ്പെട്ടിട്ടുണ്ട്.

തൃശൂർ പൂമലഡാമിൽ ജലനിരപ്പ്  27 അടിയായതിനെ തുടർന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 28 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.  29 അടിയാണ് ഡാമിൻ്റെ പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏതു സമയവും തുറക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios