കണ്ണൂർ: ജില്ലയിലെ വിവിധ മേഖലകളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഉയർന്ന വെള്ളം ഇതുവരെ താഴ്ന്നിട്ടില്ല. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, കൂറ്റൂർ എന്നീ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നതെന്ന് തളിപ്പറമ്പ് ഡെപ്യൂട്ടി തഹസിദാർ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇവിടങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങളായിൽ നാലും കൂറ്റ്യാട്ടൂരിൽ രണ്ടും കുറുമാത്തൂർ, ആന്തൂർ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പ് വീതവും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലാണ് ഇത്തവണ വെള്ളം പൊങ്ങിയത്. തളിപ്പറമ്പ് താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.