Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 'റെഡ്' അലർട്ട് 22 വരെ നീട്ടി

ജൂലൈ 20 ന് കാസർകോട് ജില്ലയിലും ജൂലൈ 21 ന് കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

heavy rain in kerala red alert
Author
Thiruvananthapuram, First Published Jul 20, 2019, 9:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ജൂലൈ 20 ന് കാസർകോട് ജില്ലയിലും ജൂലൈ 21 ന് കോഴിക്കോട്, വയനാട് ജില്ലകളിലും, ജൂലൈ 22 ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഞായറാഴ്ച കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

'റെഡ്' അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് 'റെഡ്' അലർട്ട് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത വർധിക്കും. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 20 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ
ജൂലൈ 21- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്‌
ജൂലൈ 22 – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌
ജൂലൈ 23- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,കാസർകോട്

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർ മുതൽ കാസർകോടുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു. സംസ്ഥാന കൺട്രോൾ റൂം നമ്പർ: 1070. ജില്ലാ കൺട്രോൾ റൂമുകൾ: എസ്ടിഡി കോഡിനു ശേഷം 1077 ചേർത്ത് ഡയൽ ചെയ്യുക.

കാസർകോട് ഇന്ന് 'റെഡ്' അലർട്ട് 

കനത്ത മഴയിൽ കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളരിക്കുണ്ട് കിനാനൂരിൽ നാല് കുടുംബങ്ങളെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കളനാട് വില്ലേജിൽ അഞ്ച് കുടുംബങ്ങളോട് മാറി താമസിക്കുവാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതികൾ വിലയിരുത്താൻ ഇന്ന് ജില്ലാ കളക്ടർ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. പത്ത് മണിക്ക് കളക്ടറേറ്റിലാണ് യോഗം.

heavy rain in kerala red alert

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

ടോര്‍ച്ച്, റേഡിയോ, 500 ml വെള്ളം, ORS പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്‍റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം,  ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കോൾ പ്ലാനും ചാര്‍ജ്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യം കുറച്ച് പണം, എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്ത് വീട്ടിൽ സൂക്ഷിക്കുക.

എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

Follow Us:
Download App:
  • android
  • ios