Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ; രാജമലയില്‍ 17 മരണം, ദുരിതപ്പെയ്ത്ത് തുടരുന്നു

സംസ്ഥാനത്ത് മഴ നാളെയും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. 

heavy rain in  kerala today heavy damage in various places
Author
Thiruvananthapuram, First Published Aug 7, 2020, 10:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ. ഇടുക്കി രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മഴക്കെടുതികളില്‍ രണ്ട് പേര്‍ മരിച്ചു. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാന്പതി റോഡിൽ  മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മധ്യകേരളത്തിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളായ ആലുവ, ഏലൂർ, മുപ്പത്തടം, കടുങ്ങല്ലൂർ മേഖലകളിലെ വീടുകളിൽ വെള്ളം കയറി. ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളമുയർന്നു. എറണാകുളം ജില്ലയിൽ 14 ക്യാമ്പുകളിലായി 213 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുവാറ്റുപുഴയാറും ചാലക്കുടി പുഴയും കരകവിഞ്ഞു. ആലുവ, മുവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഉൾപ്പെടെ വീടുകളിൽ വെള്ളം കയറിയവരെ ദുരിതാശ്വാസ ക്യാപുകളിലേക്ക് മാറ്റി. കൊച്ചി നഗരത്തിൽ കലൂർ, കടവന്ത്ര മേഖലകളിലെ വീടുകളിൽ വെള്ളം കയറി. മീനച്ചിലാ‌ർ കരകവിഞ്ഞതോടെ പാലാ നഗരത്തിലും വെള്ളം കയറി. 

പശ്ചിമ കൊച്ചിയിലുൾപ്പെടെ ജില്ലയുടെ തീരമേഖലയിൽ മഴയും കടൽക്ഷോഭവും തുടരുകയാണ്. ചെല്ലാനം,നായരംമ്പലം, വൈപ്പിൻ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. പറവൂർ, മാഞ്ഞാലി,വടക്കേക്കര പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി. കോട്ടയം പൂഞ്ഞാർ പെരുങ്ങുളത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മണിമലയാർ കരകവിഞ്ഞു. പാലാ ഈരാറ്റുപേട്ട റൂട്ടിലും കോട്ടയം എറണാകുളം റൂട്ടിലും ചിലയിടങ്ങളിൽ  ഗതാഗതം തടസ്സപ്പെട്ടു. പാലാ നഗരത്തിൽ കൊട്ടാരമറ്റത്തും ചെത്തിമറ്റത്തുമുൾപ്പെടെ വെള്ളം കയറുകയാണ്. കനത്ത മഴയിൽ കുറുവിലങ്ങാട് പട്ടണവും വെള്ളത്തിലായി. ഇടുക്കി ജില്ലയിൽ ആനവിലാസം, വണ്ടൻമേട്, ശാസ്താനട തുടങ്ങിയ മേഖലകളിൽ വ്യാപകമായ ഉരുൾപൊട്ടി വൻ കൃഷി നാശമുണ്ടായി. നല്ലതണ്ണിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് 8 അടി ഉയർന്ന് 132 അടിക്ക് മുകളിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2353 അടിക്ക് മുകളിലാണ്. തൃശൂർ ചാലക്കുടിയിൽ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് നീരൊഴുക്ക് കൂടിയതോടെ അതിരപ്പിള്ളി, ചാർപ്പ വെള്ളച്ചാട്ടങ്ങളുടെ ശക്തി കൂടി. ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എം.സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കന്‍ കേരളത്തിലെ ദുരിതപ്പെയ്ത്തിനും ശമനമില്ല. റെഡ് അലര്‍ട്ട് തുടരുന്ന വയനാട്ടിലാണ് മഴ ഏറ്റവുമധികം നാശം വിതച്ചത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് രാവിലെ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകളും ഒരു റിസോർ‍ട്ടും തകർന്നു. പാലം ഒഴുകി പോയതിനെത്തുടർന്ന് 4 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട് പോയ 21 പേരെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരെയും ഒഴിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വയനാട്ടില്‍ 62 ക്യാമ്പുകളിലായി 3368 പേരെ മാറ്റി പാർപ്പിച്ചു. മുത്തങ്ങയിൽ വെള്ളം കയറി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍  കനോലി തേക്കുതോട്ടത്തിലേക്കുളള തൂക്കുപാലം ഒലിച്ചുപോയി. മൂന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. നിലമ്പൂര്‍ നാടുകാണി പാതയില്‍ രാത്രിയാത്ര നിരോധിച്ചു. ജില്ലയില്‍ 900 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  പോത്ത് കല്ല്‌, എടക്കര, വഴിക്കടവ്, കാളികാവ്, വാഴക്കാട് മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

കോഴിക്കോട് കോടഞ്ചേരി, കൂടരഞ്ഞി, കുറ്റ്യാടി, വിലങ്ങാട് ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും ദുരിതം വിതച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ  ക്യാംപുകളിലേക്ക് മാറ്റി.  സ്വന്തം നിലയില്‍ ബന്ധുവീടുകളിലേക്ക് മാറിയവരും ഏറെ.  ചെന്പുകടവ് അടിവാരം പാതയില്‍ ഗതാഗതം തടസപ്പെട്ടു.  ചെന്പുകടവ് 82 പേരെയും, തിരുവമ്പാടി മുത്തപ്പന്‍പുഴയില്‍18 പെരെയും, മാവൂരില്‍ 33 പെരെയും ക്യാംപുകളിലേക്ക് മാറ്റി. കക്കയം ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി. 

പാലക്കാട് പട്ടാമ്പിക്ക് സമീപം പോക്കുപ്പടിയിൽ വീടിന്‍റെ ചുമർ തകർന്ന് വീണ് ഒരാൾ മരിച്ചു. പോക്കുപ്പടി സ്വദേശി മൊയ്തീനാണ് മരിച്ചത്. നെന്മാറ നെല്ലിയാന്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ജല നിരപ്പ് ഉയർന്നതോടെ കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 110 സെന്‍റിമീറ്റർ ഉയർത്തി.

കണ്ണൂര്‍ ഇരിട്ടിയില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. സ്വകാര്യ കേബിൾ ടിവി തൊഴിലാളിയാണ് ജോം തോമസാണ് മരിച്ചത്. കേബിൾ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു മുന്ന്  മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്. കൊട്ടിയൂരിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ജില്ലയിൽ ഇതുവരെ നാല് വീടുകൾ പൂർണമായും, 360 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. അഴീക്കൽ തുറമുഖത്ത് കടലാക്രമണത്തെത്തുടര്‍ന്ന് നിരവധി വീടുകളില്‍ വെളളം കയറി.

അതേസമയം, സംസ്ഥാനത്ത് മഴ നാളെയും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊവിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios