കൽപറ്റ: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രളയത്തിൽ മഹാനഷ്ടമുണ്ടായ വയനാട്ടിലെ കുറിച്യർമലയിലെ പത്ത് കുടുംബങ്ങളെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു. പ്രദേശത്ത് ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.

കുറിച്യർമലയിലെ കോട്ടയിൽ പാടിയിൽ താമസിക്കുന്ന കുടുംബങ്ങളെ എസ്റ്റേറ്റ്‌ ആശുപത്രിയിലേക്കാണ് മാറ്റി പാർപ്പിച്ചത്. രണ്ട് ദിവസം മുമ്പും മേഖലയിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ടിരുന്നു. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലുള്ള ഒലിവയൽ കോളനിയിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോളനിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. മീനങ്ങാടി ജിഎൽപി സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. ജില്ലയിൽ പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.

കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകൾ മഴ കനത്തതോടെ വലിയ പ്രതിസന്ധിയിലാണ്. ഉളിക്കല്‍ പഞ്ചായത്തിലെ വൈത്തൂർ, വട്യാംതോട്, ചപ്പാത്ത് എന്നീ പാലങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇരിട്ടിപുഴ കരകവിഞ്ഞു. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണിപ്പോൾ.

കൂട്ടുപുഴ, കച്ചേരിക്കടവ് പ്രദേശങ്ങളിലെ ഭൂരിഭാ​ഗം വീടുകളിലും വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിട്ടിച്ചുണ്ട്. അതേസമയം, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകി. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ പൂർണമായും വെള്ളത്തിനടയിലായിരിക്കുകയാണ്. ​

ജില്ലയിലെ പലയിടത്തും ഗതാഗതം ഭാ​​ഗീകമായി തടസ്സപ്പെട്ടു. കൊടിയത്തൂര്‍, മുക്കം, കാരശേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാവൂര്‍ പഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഈ മൂന്ന് വീട്ടുകാരേയും ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഗൂഡല്ലൂർ, കോഴിക്കോട് അന്തർസംസ്ഥാന പാതയിലെ നിലമ്പൂർ ജനതപ്പടി ജംഗ്ഷനിലും വെള്ളം കയറിയിട്ടുണ്ട്.